വയനാട്ടിലെ ചൂരല്‍ മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കെസിബിസി

0

കൊച്ചി: വയനാട്ടിലെ ചൂരല്‍ മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി).

രക്ഷാ പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ നടത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങളോട് സഭാ സംഘടനകളും പ്രസ്ഥാനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും കേരള സഭയുടെ മുഴുവന്‍ ശ്രദ്ധയും ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഉണ്ടാകണമെന്നും കെസിബിസി അഭ്യര്‍ത്ഥിച്ചു.

ദുരന്തത്തിന് ഇരയാവര്‍ക്ക് സമാശ്വാസം പകരാനുള്ള സര്‍ക്കാര്‍ നടപടികളോട് കേരള കത്തോലിക്കാ മെത്രാന്‍ സമിതി പൂര്‍ണമായും സഹകരിക്കും. ഉറ്റവരെയും ഉടയവരെയും നഷ്ടമായവരുടെയും, പരിക്കേറ്റവരുടെയും വേദനയില്‍ പങ്കുചേരുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ദുരിത ബാധിതര്‍ക്ക് ആവശ്യമായ ഭൗതിക സഹായങ്ങള്‍ ചെയ്യുന്നതിനും അവരെ ആശ്വസിപ്പിക്കുന്നതിനും പ്രതിസന്ധികളെ തരണം ചെയ്യാന്‍ ആവശ്യമായ ആത്മധൈര്യം അവര്‍ വീണ്ടെടുക്കുന്നതിനും വേണ്ടി ആ മേഖലയിലെ രൂപതാ സമിതികള്‍ക്കും മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമൊപ്പം ഒരൊറ്റ ജനതയായി നമുക്ക് പ്രവര്‍ത്തിക്കാമെന്നും കെസിബിസി പ്രസിഡന്റ് ബസേലിയസ് ക്ലീമിസ് കാതോലിക്കാ ബാവാ, കെസിബിസി വൈസ് പ്രസിഡന്റ് മാര്‍ പോളി കണ്ണൂക്കാടന്‍, കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല എന്നിവര്‍ പറഞ്ഞു

You might also like