പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായുള്ള പദ്ധതിക്ക് പിന്തുണയുമായി പൊന്തിഫിക്കല്‍ സംഘടന
ലാഹോര്‍: തട്ടിക്കൊണ്ടുപോകലിന്റേയും, ലൈംഗീകാതിക്രമങ്ങളുടെയും ഭീതിയില്‍ കഴിയുന്ന പാക്കിസ്ഥാനിലെ ക്രൈസ്തവ സമൂഹം ഉള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ സംരക്ഷിക്കുവാനുള്ള പുതിയ പ്രചാരണ പരിപാടിക്ക് അന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍)ന്റെ പിന്തുണ. രാഷ്ട്രീയക്കാരുമായി ചര്‍ച്ചകള്‍ നടത്തുക, മതന്യൂനപക്ഷങ്ങളില്‍പ്പെടുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള സാമൂഹ്യ അവബോധം വളര്‍ത്തുക, ഇരകള്‍ക്ക് വേണ്ട നിയമസഹായം ലഭ്യമാക്കുക തുടങ്ങിയവയാണ് പുതിയ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. ‘നാഷ്ണല്‍ കാത്തലിക് കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്’ (സി.സി.ജെ.പി) മായി സഹകരിച്ചായിരിക്കും പൊന്തിഫിക്കല്‍ സന്നദ്ധ സംഘടന പ്രവര്‍ത്തിക്കുക.
വര്‍ഷംതോറും ക്രിസ്ത്യന്‍, ഹൈന്ദവ വിഭാഗങ്ങളില്‍പെടുന്ന ആയിരത്തോളം പെണ്‍കുട്ടികള്‍ പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകലിനിരയാകുന്നുണ്ടെന്നാണ് ‘സി.സി.ജെ.പി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്രകാരം തട്ടിക്കൊണ്ടുപോകപ്പെടുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം ചെയ്ത് നിര്‍ബന്ധിത വിവാഹത്തിനിരയാക്കുകയാണ് പതിവ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ കൂടി കണക്കിലെടുത്താല്‍ ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് സി.സി.ജെ.പി പറയുന്നത്. തട്ടിക്കൊണ്ടുപോകലും, നിര്‍ബന്ധിത മതപരിവര്‍ത്തനവും, വിവാഹവുമാണ് കഴിഞ്ഞ വര്‍ഷം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് സി.സി.ജെ.പി ഡയറക്ടര്‍ ഫാ. ഇമ്മാനുവല്‍ (മാണി) യൂസഫ് പറഞ്ഞു. ഇതൊരു പുതിയ പ്രതിസന്ധിയല്ലെങ്കിലും ശരിയായ നിയമവ്യവസ്ഥയുടേയും, മതന്യൂനപക്ഷങ്ങളില്‍പ്പെട്ട സ്ത്രീകളേയും, പെണ്‍കുട്ടികളേയും സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങളുടേയും അഭാവം കാരണം സമീപ വര്‍ഷങ്ങളില്‍ പ്രവണത ഏറ്റവും മോശമായ അവസ്ഥയിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടു വയസ്സായി ഉയര്‍ത്തിയ 2014-ലെ ‘സിന്ധ് ചൈല്‍ഡ് മാര്യേജ് റിസ്ട്രയിന്റ് ആക്റ്റ്’ ഇതിനു ഉദാഹരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2020 ജൂലൈ മാസത്തില്‍ തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത വിവാഹത്തിനും ഇരയായ പതിനാലുകാരിയായ ഹുമ യൂസഫിന്റെ കാര്യത്തില്‍ സംഭവിച്ചത് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണെന്നു എ.സി.എന്‍ പറയുന്നു. തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത വിവാഹത്തിനും ഇരയായ ഹുമയുടെ വിവാഹത്തിന് പാക്കിസ്ഥാന്‍ സുപ്രീം കോടതി നിയമപരമായ സാധുത നല്‍കിയത് വിവാദമായിരിന്നു. ഋതുമതിയായയതിനാല്‍ വിവാഹം നിയമപരമാണെന്നുള്ള വിചിത്രമായ നിരീക്ഷണമായിരുന്നു കോടതി നടത്തിയത്. പാകിസ്ഥാതാനിലെ മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുവാന്‍ പുതിയ പ്രചാരണ പദ്ധതി സഹായകമാവുമെന്ന പ്രതീക്ഷയിലാണ് സംഘടന പ്രവര്‍ത്തകര്‍.