വിശ്വാസത്തിന് സാക്ഷ്യമേകി സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്ന ജസ്റ്റിൻ നിത്യസമ്മാനത്തിന് യാത്രയായി

0

കൊച്ചി: ആശുപത്രി കിടക്കയില്‍ രക്താർബുദത്തിന്റെ മരണവേദനയുമായി മല്ലിടുമ്പോഴും ക്രിസ്തു വിശ്വാസം നെഞ്ചോട് ചേര്‍ത്തു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയ അങ്കമാലി സ്വദേശിയായ പതിനെട്ടുവയസുകാരനായ ജസ്റ്റിൻ വിടവാങ്ങി. അങ്കമാലി മേരിഗിരി മാടൻ വീട്ടിൽ ജേക്കബ്- ഷിജി ദമ്പതികളുടെ മകനായ ജസ്റ്റിനെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയ എറണാകുളം- അങ്കമാലി അതിരൂപതാ വൈദികനായ ഫാ. പോൾ കൈപരമ്പാടൻ തന്നെയാണ് ഈ മകന്റെ മരണ വാര്‍ത്തയും ലോകത്തെ അറിയിച്ചത്. വൈദ്യശാസ്ത്രത്തിന് ഇനി ഒന്നും ചെയ്യാനില്ലെന്ന് അറിഞ്ഞിട്ടും ഈ മകന്‍ പ്രകടിപ്പിച്ച വിശ്വാസസ്ഥൈര്യം മാർച്ച് 26നാണ് സോഷ്യൽ മീഡിയയിലൂടെ ഫാ. പോൾ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

40-ാംവെളളിയില്‍ മുൻഇടവകാംഗമായ ജസ്റ്റിൻ, മാരകമായ രക്താർബുദവുമായി അവസാനയുദ്ധം നടത്തുന്നെന്നറിഞ്ഞ് വിശുദ്ധ കുർബാനയുമായി ആശുപത്രിയിലെത്തിയപ്പോള്‍ അസഹനീയമായ വേദനകൾക്കിടയിലും ആ പതിനെട്ടു വയസുകാരൻ പ്രകടിപ്പിച്ച വിശ്വാസം തന്നെ ഞെട്ടിപ്പിച്ചു കളഞ്ഞുവെന്നും എല്ലാ ദിവസവും അച്ചനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെഅവസാന ഭാഗത്തിന്റെ പ്രാധാന്യം ( ”ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ!”) അച്ചൻ പറഞ്ഞതു ഓർക്കുന്നുവെന്നും ഈ മകന്‍ പറഞ്ഞുവെന്നും താന്‍ ആവശ്യപ്പെട്ടതനുസരിച്ച് ജസ്റ്റിൻ തന്റെ തലയിൽ കൈവച്ച് തനിക്കുവേണ്ടിപ്രാർത്ഥിച്ചുവെന്നും തന്റെ അൾത്താരസംഘക്കാരൻ ഒരു വിശുദ്ധനായിമാറുന്നതു കണ്ട സംതൃപ്തിയോടെ ആ മുറിവിട്ടിറങ്ങി എന്നുമായിരിന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പ്രിയപ്പെട്ട ജസ്റ്റിൻ അൽപം മുമ്പ് നിത്യ സമ്മാനത്തിനായി ദൈവതിരുസന്നിധിയിലേക്ക് യാത്രയായെന്നും മരിക്കുന്നതിനു തൊട്ടുമുമ്പ് വീണ്ടും രോഗിലേപനം കൂടി നൽകി അവനെ യാത്രയാക്കാൻ തനിക്കു ഭാഗ്യമുണ്ടായതായി ഫാ. പോൾ അല്പം മുന്‍പ് ഫേസ്ബുക്കില്‍ കുറിച്ചു. ബലഹീനരാണെങ്കിലും അൾത്താരയിലെ അഭിഷിക്തൻ്റെ വാക്കുകൾക്ക് ഒരു വിശുദ്ധനെ രൂപപ്പെടുത്താനാവും എന്ന് വീണ്ടും ദൈവം തന്നെ ബോധ്യപ്പെടുത്തിയെന്നും ഈശോയുടെ മടിയിൽ വിശുദ്ധരോടും മാലാഖമാരോടും ഒപ്പം നീ ഇരിക്കുമ്പോൾ നിനക്കു കിട്ടിയ വിശ്വാസത്തിൻ്റെ ബോധ്യം ഞങ്ങൾക്കും ഉണ്ടാകാൻ ഞങ്ങളേയും ഓർത്തു പ്രാർത്ഥിക്കണമേയെന്നും പറഞ്ഞുക്കൊണ്ടാണ് ഫാ. പോളിന്റെ ഫേസ്ബുക്ക് പോസ്റ്റു അവസാനിക്കുന്നത്.

ഇപ്പോള്‍ കാക്കനാട് സെന്റ് ഫ്രാൻസിസ് അസീസി ഇടവക വികാരിയായ ഫാ. പോൾ നാലു വര്‍ഷം മുന്‍പാണ് ജസ്റ്റിന്റെ ഇടവക വികാരിയായിരിന്നത്. ദിവ്യബലി അർപ്പണരംഗങ്ങൾ അനുകരിച്ചിരുന്ന അവന്റെ ഏറ്റവും വലിയ ആഗ്രഹം വൈദികനാകണമെന്ന് തന്നെയായിരുന്നുവെന്നും അനുദിന ദിവ്യബലിയും ബൈബിൾ വായനയും കുടുംബപ്രാർത്ഥനയും ഇല്ലാത്ത ഒരൊറ്റ ദിനം പോലും അവന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവില്ലായെന്നും ഫാ. പോൾ പറഞ്ഞിരിന്നു. വിശ്വാസത്തിന് സാക്ഷ്യമേകി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ജസ്റ്റിന്റെ മരണവാര്‍ത്ത നൂറുകണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവെയ്ക്കുന്നത്.

You might also like