ചൈനീസ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടിക് ടോകിനേർപ്പെടുത്തിയ വിലക്ക് നീക്കി നേപ്പാൾ
കാഠ്മണ്ഡു: ചൈനീസ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടിക് ടോകിനേർപ്പെടുത്തിയ വിലക്ക് നീക്കി നേപ്പാൾ. സാമൂഹിക ഐക്യത്തിന് തടസം സൃഷ്ടിക്കുന്നു എന്ന പേരിൽ മാസങ്ങൾക്ക് മുമ്പാണ് രാജ്യത്ത് ടിക് ടോക് ബാൻ ചെയ്തിരുന്നത്. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം കമ്മ്യൂണിക്കേഷൻ ആൻഡ് ഐ.ടി മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് ആണ് തീരുമാനം അറിയിച്ചത്.
എല്ലാ സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളേയും തുല്യമായി പരിഗണിക്കണമെന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലിയുടെ നിർദേശത്തെ തുടർന്നാണ് വിലക്ക് നീക്കാനുള്ള തീരുമാനം. മുൻ സഖ്യസർക്കാരിൻ്റെ തകർച്ചയ്ക്ക് ശേഷം ഇദ്ദേഹം കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബെയ്ജിങ് ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസ് ആണ് ടിക് ടോകിൻ്റെ മാതൃകാ കമ്പനി.
കഴിഞ്ഞ ആഴ്ചകളിൽ ടിക് ടോക്ക്, നേപ്പാൾ സർക്കാരുമായി ആശയവിനിമയം നടത്തിയിരുന്നു. രാജ്യത്തെ എല്ലാ നിയമങ്ങളും പാലിക്കുമെന്നും, ഡിജിറ്റൽ സുരക്ഷ പ്രോത്സാഹിപ്പിക്കുമെന്നുമടക്കമുള്ള നേപ്പാളിന്റെ ആവശ്യങ്ങൾ പാലിക്കുമെന്ന് കമ്പനി ഉറപ്പുനൽകിയിരുന്നു.