ഖത്തറിൽ വിദ്യാർഥികളെ സ്‌കൂളിലേക്ക് വരവേൽക്കാൻ ബാക് ടു സ്‌കൂൾ കാമ്പയിൻ

0

ദോഹ: ഖത്തറിൽ വിദ്യാർഥികളെ സ്‌കൂളിലേക്ക് വരവേൽക്കാൻ ബാക് ടു സ്‌കൂൾ കാമ്പയിൻ പുരോഗമിക്കുന്നു. എന്റെ വിദ്യാലയം, എന്റെ രണ്ടാം വീട് എന്ന പ്രമേയത്തിലാണ് കാമ്പയിൻനടക്കുന്നത്. ഈ മാസം 31 വരെ കാമ്പയിൻ തുടരും.

അവധിക്കാലം കഴിഞ്ഞെത്തുന്ന കുട്ടികളെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂളുകൾ. വിദ്യാർഥികൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിനോദ-വിജ്ഞാന പരിപാടികളും പരിശീലനങ്ങളും ഒരുക്കിയിട്ടുണ്ട്. മുശൈരിബ് ഗലേറിയ മാളിൽ ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി പത്ത് വരെ പഴയ സ്‌കൂൾ ഓർമകളുമായാണ് ബാക് ടു സ്‌കൂൾ തുറന്നു നൽകുന്നത്.

സ്‌കൂൾ പുസ്തകങ്ങളുടെ പ്രദർശനം, പഴയ ഉപകരണങ്ങൾ, ചിത്രങ്ങൾ, സ്‌കൂൾ ഫിലിം, വിവിധ പഠനോപകരണങ്ങൾ, കാമ്പയിൻ ആസ്ഥാനത്തിനു മുന്നിൽ മൊബൈൽ സ്‌കൂൾ ലൈബ്രറി എന്നിവയും സജ്ജീകരിക്കുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സ്‌കൂൾ അനുഭവങ്ങൾ പകരുന്നതാണ് പരിപാടി. ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ആഗസ്റ്റ് 25 മുതൽ 31 വരെ വൈവിധ്യമാർന്ന ‘ബാക് ടു സ്‌കൂൾ’ പരിപാടി അരങ്ങേറും. ദിവസവും വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒമ്പത് വരെ കുട്ടികൾക്ക് കളികളും പഠന പ്രവർത്തനങ്ങളും ഒരുക്കും.

സെപ്റ്റംബർ ഒന്നിനാണ് ഖത്തറിലെ സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ അധ്യയന വർഷം ആരംഭിക്കുന്നത്. ഇന്ത്യൻ സ്‌കൂളുകൾ കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയ അധ്യയന വർഷത്തിൽ മൂന്നുമാസം പിന്നിട്ടാണ് വേനലവധിയിലേക്ക് പോയതെങ്കിൽ, സർക്കാർ സ്‌കൂളുകൾക്ക് ഇത് പുതിയ അധ്യയന വർഷത്തിന്റെ ആരംഭമാണ്.

You might also like