യു.കെയില്‍ ഫ്ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടിത്തം; പാലാ സ്വദേശികളായ ദമ്പതികളും പിഞ്ചു കുഞ്ഞും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

0

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഈസ്റ്റ് ലണ്ടനില്‍ ബഹുനില ഫ്ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടിത്തം. ഇവിടെ താമസിച്ചിരുന്ന പാലാ സ്വദേശി ജോസഫും ഭാര്യ ടിനുവും പിഞ്ചു കുഞ്ഞും അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കെട്ടിടത്തില്‍ കുടുങ്ങിയ നൂറിലധികം ആളുകളെ ഒഴിപ്പിക്കുകയും പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഡെഗ്‌നാമിന് സമീപമുള്ള ചാഡ്വേല്‍ഹീത്തില്‍ ഫ്രഷ് വാട്ടര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനാണ് രാത്രി തീ പിടിച്ചത്. ഇരുന്നൂറിലേറെ അഗ്നിശമന സേനാംഗങ്ങള്‍ ഹെലികോപ്റ്റര്‍ സഹായത്തോടെ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ അണച്ചത്. പുലര്‍ച്ചെ 2.44 നാണ് ഫയര്‍ഫോഴ്സിന്റെ സഹായം തേടിയത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ ജോസഫും ടിനുവും താമസിച്ചിരുന്ന ഫ്ളാറ്റ് മുഴുവനായി കത്തി നശിച്ചു. മൂന്നു വര്‍ഷമായി കുടുംബം ഇവിടെയായിരുന്നു താമസം. പ്രസവ അവധിയിലായിരുന്ന ടിനു തീ പടര്‍ന്ന ഉടന്‍ പിഞ്ചു കുഞ്ഞിനെയുമായി ഓടി രക്ഷപ്പെടുകയായിരുന്നു. സര്‍ട്ടിഫിക്കറ്റുകളും വീട്ടു സാധനങ്ങളും വസ്ത്രങ്ങളും ലാപ്ടോപ്പുകളും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള എല്ലാ വസ്തുക്കളും നഷ്ടമായി. എങ്കിലും അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബം.

You might also like