വാഹന അപകട ഫോട്ടോകൾ പകർത്തുന്നത് വിലക്കി ഖത്തർ

0

ദോഹ : വാഹന അപകട ഫോട്ടോകൾ പകർത്തി അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് വൈറലാക്കുന്നവർ ഇനി അകത്താവും. ഇത്തരം ചിത്രങ്ങൾ പകർത്തുന്നത്  നിയമവിരുദ്ധമാണെന്നും തടവും  പിഴയും  ശിക്ഷയായി  ലഭിക്കുമെന്നും  ഖത്തർ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ക്യാപ്റ്റൻ ഖാലിദ് അബ്ദുല്ല അൽ കുവാരി വ്യക്തമാക്കി. ട്രാഫിക് നിയമങ്ങളെ കുറിച്ച്  ഖത്തർ ടിവിയോട് സംസാരിക്കകയായിരുന്നു അദ്ദേഹം.

മറ്റൊരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക്  അവരുടെ സമ്മതമില്ലാതെയും അനധികൃതമായും  കടന്നുകയറുന്നത് നിയമവിരുദ്ധമാണ്. അപകട  ഫോട്ടോകൾ  എടുത്ത് പ്രചരിപ്പിക്കുന്നത്  ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. ഇത്തരം വ്യക്തിക്ക് രണ്ട് വർഷത്തിൽ കൂടാത്ത തടവോ  അല്ലെങ്കിൽ 10,000 റിയാലിൽ കൂടാത്ത പിഴയോ ലഭിക്കും. ചിലപ്പോൾ ഈ രണ്ടു ശിക്ഷയും ഒരുമിച്ചനുഭവിക്കേണ്ടി വരും. ഖത്തർ പീനൽ കോഡ് ആർട്ടിക്കിൾ 333 അനുസരിച്ചാണ് ശിക്ഷ.

അതേസമയം  വാഹനാപകടമുണ്ടാക്കുമ്പോൾ  ആളുകൾക്ക് അപകടം തെളിയിക്കാനും ട്രാഫിക് വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യാനും ഫോട്ടോ  എടുക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ഇത്തരം ഫോട്ടോകൾ മെട്രാഷ് 2 ൽ അപ്‌ലോഡ് ചെയ്യാം.  ഇത് മറ്റ് ആവശ്യങ്ങൾക്ക്‌  ഉപയോഗിക്കരുത്. മെട്രാഷ് വഴി ട്രാഫിക് ലംഘനം റിപ്പോർട്ട് ചെയ്യുമ്പോൾ പോലും ആളുകളുടെ ഫോട്ടോ എടുക്കേണ്ട ആവശ്യമില്ലെന്നും ക്യാപ്റ്റൻ അൽ-കുവാരി പറഞ്ഞു. ‘നമ്പർ  പ്ലേറ്റും കാറിന്റെ കേടുപാടുകളും  കാണിക്കുന്ന ഫോട്ടോകൾ മതിയാകും, തുടർന്ന് അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിന് ട്രാഫിക് വിഭാഗം അപകടം റിപ്പോർട്ട് ചെയ്ത വ്യക്തികളുമായി ബന്ധപ്പെടുമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like