റെക്കോര്‍ഡ് നേട്ടവുമായി ഓഹരിവിപണി മുന്നേറുന്നു
ന്യൂഡല്‍ഹി: റെക്കോര്‍ഡ് നേട്ടവുമായി ഓഹരിവിപണി മുന്നേറുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സും എന്‍എസ്ഇ നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലെത്തി. നിഫ്റ്റി 27,333ലും സെന്‍സെക്സ് 82,725ലും തൊട്ടപ്പോഴാണ് പുതിയ ഉയരം കുറിച്ചത്. ബജാജ് ഫിന്‍സെര്‍വ്, എച്ച്സിഎല്‍ ടെക്, ഐടിസി, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു.
അമേരിക്കന്‍ വിപണിയില്‍ നിന്നുള്ള അനുകൂല റിപ്പോര്‍ട്ടുകളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലേക്ക് നീങ്ങുന്നതായുള്ള സൂചനകളാണ് വിപണിയെ സ്വാധീനിക്കുന്നത്. തുടര്‍ച്ചയായി 12-ാം ദിവസമാണ് ഓഹരി വിപണി നേട്ടം രേഖപ്പെടുത്തുന്നത്. പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെയും ടിവിഎസ് മോട്ടോറിന്റെയും ഇരുചക്രവാഹന വില്‍പ്പനയില്‍ വര്‍ധന. യഥാക്രമം 5 ശതമാനം, 13 ശതമാനം എന്നിങ്ങനെയാണ് വില്‍പ്പന വർധിച്ചത്.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് താഴ്ന്നിരുന്നു. മുന്‍ പാദത്തിലെ 7.8% വളര്‍ച്ചയില്‍ നിന്ന് 6.7 ശതമാനമായാണ് താഴ്ന്നത്. എന്നാല്‍ ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന മികവ് ഇന്ത്യ നിലനിര്‍ത്തി. വാഹനവില്‍പ്പന കണക്കുകളും സാമ്പത്തിക വളര്‍ച്ചാനിരക്കും വിപണിയില്‍ പ്രതിഫലിക്കുന്നതായും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.