ലബനനിലെ ഹിസ്ബുള്ള ഭീകരർ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകൾ വ്യാപകമായി പൊട്ടിത്തെറിച്ചു.
ബെയ്റൂട്ട്: ലബനനിലെ ഹിസ്ബുള്ള ഭീകരർ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകൾ വ്യാപകമായി പൊട്ടിത്തെറിച്ചു. എട്ടു പേർ കൊല്ലപ്പെട്ടു; മൂവായിരത്തിനടുത്തു പേർക്കു പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ഹിസ്ബുള്ളകളെ മുഴുവനായി ലക്ഷ്യമിട്ട അത്യപൂർവ ആക്രമണം. സംഭവത്തിനു പിന്നിൽ ഇസ്രയേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. എന്നാൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നൂറുകണക്കിനു പേജറുകൾ പൊട്ടിത്തെറിച്ചുവെന്നാണ് ലബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ലബനനിലുടനീളവും സിറിയയിലെ ചില ഭാഗങ്ങളിലും ഇത്തരം സംഭവമുണ്ടായി. വീടുകൾ, സൂപ്പർ മാർക്കറ്റുകൾ, കാറുകൾ, തെരുവുകൾ എന്നിവിടങ്ങളിലെല്ലാം ഹിസ്ബുള്ള ഭീകരർ ആക്രമണത്തിനിരയായി. സ്ഫോടനങ്ങൾ ചെറിയ തോതിലായിരുന്നെങ്കിലും ഒട്ടേറെപ്പേരുടെ പരിക്ക് ഗുരുതരമാണ്. 200 പേർ ഗുരുതരാവസ്ഥയിലാണെന്ന് ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
പഴയ ആശയവിനിമയ സംവിധാനമായ പേജറുകൾ ഹിസ്ബുള്ളകൾ ഇപ്പോഴും ഉപയോഗിക്കുന്നത് സുരക്ഷ കണക്കിലെടുത്താണ്. ഹിസ്ബുള്ളയുമായി സംഘർഷം നടക്കുന്ന വടക്കൻ അതിർത്തിയിൽനിന്ന് ഒഴിപ്പിച്ച ഇസ്രേലി പൗരന്മാരെ തിരികെയെത്തിക്കുമെന്ന് ഇസ്രേലി സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പേജറുകൾ പൊട്ടിത്തെറിക്കാൻ തുടങ്ങിയത്. ഇറാന്റെ പിന്തുണയോടെ ലബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ഭീകരർ ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിന്റെ പിറ്റേന്നു മുതൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രയേലിനെ ആക്രമിക്കുന്നുണ്ട്.