ചൈനയെ തോൽപ്പിച്ചു; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം
ന്യൂഡൽഹി: എതിരില്ലാത്ത ഒരു ഗോളിന് ചൈനയെ കീഴടക്കി ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം കരസ്ഥമാക്കി ഇന്ത്യ. ജുഗ്‌രാജ് സിങാണ് ഗോൾ സ്‌കോറർ. അഞ്ചാം വട്ടം കിരീടമുയർത്തിയ ഇന്ത്യ ഏറ്റവും കൂടുതൽ തവണ ടൂർണമെന്റ് ജേതാക്കളാകുന്ന ടീമെന്ന റെക്കാഡും സ്വന്തമാക്കി. ടീമംഗങ്ങൾക്ക് ഹോക്കി ഇന്ത്യ മൂന്ന് ലക്ഷം രൂപവീതം സമ്മാനം പ്രഖ്യാപിച്ചു.
ആദ്യ ക്വാർട്ടറിൽ ലഭിച്ച രണ്ട് പെനാൽറ്റി കോർണറുകൾ മുതലാക്കാൻ ഇന്ത്യയ്ക്കായില്ല. രണ്ടാം ക്വാർട്ടറിൽ ഇന്ത്യ ശക്തമായ നീക്കങ്ങൾ നടത്തിയെങ്കിലും ചൈന പ്രതിരോധം തീർത്തു. മൂന്ന് ക്വാർട്ടറുകളും ഗോൾരഹിതമായി അവസാനിച്ചു. നാലാം ക്വാർട്ടറിൽ ആക്രമിച്ച് കളിച്ച ഇന്ത്യ അമ്പത്തിയൊന്നാം മിനിറ്റിൽ ഗോൾ നേടി. തിരിച്ചടിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു.
സെമിയിൽ സൗത്ത് കൊറിയയെ മറികടന്നാണ് ഇന്ത്യ കലാശ പോരാട്ടത്തിന് യോഗ്യതനേടിയത്. പാകിസ്താനെ ഷൂട്ടൗട്ടിൽ മറികടന്നാണ് ചൈന ഫൈനൽ പ്രവേശനമുറപ്പിച്ചത്. നേരത്തെ 2011,16,2018, 2023 വർഷങ്ങളിലും കിരീടം ചൂടിയിരുന്നു