ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കമാൻഡർ ഇബ്രാഹിം മുഹമ്മദ് ഖുബൈസി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുള്ള.

0

ബെയ്‌റൂട്ട്: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കമാൻഡർ ഇബ്രാഹിം മുഹമ്മദ് ഖുബൈസി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുള്ള. ഹിസ്ബുള്ള ഭീകരസംഘടനയിലെ മിസൈൽ റോക്കറ്റ് നെറ്റ്‌വർക്ക് കമാൻഡറാണ് ഇബ്രാഹിം മുഹമ്മദ്. ഇയാളെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചിരുന്നു. പിന്നാലെയാണ് ഹിസ്ബുള്ള ഇബ്രാഹിമിന്റെ മരണം സ്ഥിരീകരിച്ച് പ്രസ്താവന ഇറക്കിയത്.

കഴിഞ്ഞ ദിവസം ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയായ ഗൊബെയ്‌റിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ അറിയിച്ചിരുന്നു. പ്രിസിഷൻ ഗൈഡഡ് മിസൈൽ യൂണിറ്റ് ഉൾപ്പെടെ ഹിസ്ബുള്ളയിലെ പല റോക്കറ്റ് യൂണിറ്റുകളുടേയും കമാൻഡർ ആയിരുന്നു ഇയാൾ.

മിസൈലുകളെ കുറിച്ച് വളരെ അധികം അറിവുള്ള ആളായിരുന്നു ഇബ്രാഹിം മുഹമ്മദ് എന്നും, ഹിസ്ബുള്ള മിലിറ്ററി നേതാക്കളുമായി ഇയാൾ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡറായ അലി കരാക്കെ ജീവിച്ചിരിപ്പുണ്ടെന്നും, അലിയെ ലക്ഷ്യമിട്ടാണ് ഈ ആക്രമണം നടന്നതെന്നുമാണ് ഹിസ്ബുള്ള പറയുന്നത്. അലിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും ഇവർ പറയുന്നു. അലി കൊല്ലപ്പെട്ടുവെന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും ഇവർ പറയുന്നു.

You might also like