രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നവര്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്.
മസ്കത്ത്: രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നവര്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. നിയമപരമായ രേഖകളില്ലാതെ എത്തുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികളാണ് രാജ്യത്തുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. ഇവരെ സംരക്ഷിക്കുന്നവര്‍ക്കും തൊഴില്‍ നല്‍കുന്നവര്‍ക്കും കനത്ത ശിക്ഷ ലഭിക്കും.
ഒമാന്‍ ഫോറിനേഴ്‌സ് റെസിഡന്‍സി നിയമം അനുസരിച്ച്, 500 റിയാൽ വരെ പിഴയും മൂന്ന് വര്‍ഷം വരെ തടവും അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്നയാള്‍ക്ക് ശിക്ഷയായി ലഭിക്കും. ചെലവ് കുറയ്‌ക്കുന്നതിന്റെ ഭാഗമായി പലരും നുഴഞ്ഞുകയറ്റക്കാരെ ജോലിക്കെടുക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ജോലി നല്‍കുകയോ താമസ സൗകര്യം ഒരുക്കുകയോ ചെയ്യുന്നവര്‍ക്ക് 1,000 റിയാലിനും 2,000 റിയാലിനും ഇടയില്‍ പിഴയും ഏകദേശം 10 ദിവസം മുതല്‍ ഒരുമാസം വരെ തടവുമാണ് ശിക്ഷ.
നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്തുകഴിഞ്ഞാല്‍, നാടുകടത്തുന്നതിനായി അവരുടെ എംബസികളുമായി ബന്ധപ്പെടുന്നതിന് പുറമെ നിയമപരമായ നടപടിക്രമങ്ങള്‍ക്കായി കൈമാറുമെന്നും ആര്‍ഒപി അറിയിച്ചു. നുഴഞ്ഞുകയറ്റക്കാരിൽ പലരും കുറ്റകൃത്യങ്ങൾ ചെയ്തവരോ അവരുടെ സ്വന്തം രാജ്യത്തുള്ള അധികാരികൾ അന്വേഷിക്കുന്ന വ്യക്തികളോ ആയിരിക്കാം. മയക്കുമരുന്ന് പോലുളള കള്ളകടത്തുകളും ഇവര്‍ക്കുണ്ടായേക്കാമെന്നും ഇത് വലിയ അപകടമാണെന്നും ക്യാപ്റ്റന്‍ സഈദ് സലിം അല്‍ മഹ്‌റാസി മുന്നറിയിപ്പ് നൽകി.