ലബനാനില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 105 മരണം
ബെയ്‌റൂത്ത്: കൊന്നും കൊലവിളിച്ചും ലബനാനിലെ ആക്രമണം വ്യാപിപ്പിക്കുകയാണ് ഇസ്‌റാഈല്‍ സൈന്യം. ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ 24 മണിക്കൂറിനിടെ 105 പേര്‍ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഉള്‍പ്പെടെ ഏഴാം ദിവസമാണ് വ്യോമാക്രമണം തുടരുന്നത്. ലബനാനില്‍ കരയുദ്ധത്തിനുള്ള പുറപ്പാടാണ് ഇസ്‌റാഈലിന്റേതെന്നും റിപ്പോര്‍ട്ടുണ്ട്.
ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റുല്ലക്ക് പിന്നാലെ മറ്റൊരു മുതിര്‍ന്ന നേതാവായ നബീല്‍ ഖാഊകിനെയും ഇസ്‌റാഈല്‍ വധിച്ചു. ഹിസ്ബുല്ല സെന്‍ട്രല്‍ കൗണ്‍സില്‍ ഉപമേധാവി നബീല്‍ ഖാഊക് ശനിയാഴ്ച വൈകീട്ട് ബൈറൂതിലെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ബിഖ താഴ്‌വര, സിറിയന്‍ അതിര്‍ത്തിയിലെ അല്‍ഖുസൈര്‍ എന്നിവിടങ്ങളിലും ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങള്‍ യുദ്ധവിമാനങ്ങള്‍ തീതുപ്പി. ഞായറാഴ്ചയായിരുന്നു ആക്രമണം. ബെയ്‌റൂത്തില്‍ ഹിസ്ബുല്ല ബദര്‍ വിഭാഗം കമാന്‍ഡര്‍ അബൂ അലി റിദയെ ലക്ഷ്യമിട്ടതായും ഇസ്‌റാഈല്‍ അവകാശപ്പെടുന്നു.
കൂടാതെ യമനില്‍ ഹൂതി ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ഇസ്‌റാഈല്‍ വ്യോമാക്രമണമുണ്ടായി. ഹുദൈദ, റാസ് ഇസ നഗരങ്ങളിലെ ഊര്‍ജ നിലയങ്ങളിലും തുറമുഖങ്ങളിലുമുണ്ടായ ആക്രമണങ്ങളില്‍ നാല് പേര്‍ മരിച്ചു. ശനിയാഴ്ച ഇസ്‌റാഈലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ അയച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് വ്യോമാക്രമണം.