ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്തുമെന്ന സൂചനയുമായി ഇറാൻ
തെഹ്‌റാൻ: ഹിസ്ബുല്ല തലവൻ സയ്യിദ് ഹസൻ നസ്‌റുല്ല, മുതിർന്ന ഇറാൻ സൈനിക കമാൻഡർ അബ്ബാസ് നിൽഫൊറോഷാൻ എന്നിവരെ കൊലപ്പെടുത്തിയ ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്തുമെന്ന സൂചനയുമായി ഇറാൻ. കരസേനാ മേധാവി മേജർ ജനറൽ അബ്ദുൽറഹീം മൂസവി, വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കൻആനി എന്നിവരുടെ പ്രസ്താവനകളാണ് ഇസ്രായേലിനെതിരെ നേരിട്ടുള്ള നീക്കത്തിന് ഇറാൻ മുതിരാനുള്ള സാധ്യത ശക്തമാക്കിയത്. ഇസ്രായേലിനെതിരായ ആക്രമണത്തിനായി ‘കാത്തിരുന്നോളൂ’ എന്നാണ് അബ്ദുൽ റഹീം മൂസവി പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. ലബനാനുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ഉചിതവും നിർണായകവുമായ നീക്കങ്ങൾ നടത്തുമെന്നും നാസർ കൻആനി വ്യക്തമാക്കി.
അതിനിടെ, ഇസ്രായേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിൽ നിന്ന് ഇറാനെ പിന്തിരിപ്പിക്കാൻ അമേരിക്ക ശ്രമിക്കുന്നതായി ഇസ്രായേലി മാധ്യമമായ ഹാരെറ്റ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാനുമായി നയതന്ത്ര ബന്ധം പുലർത്തുന്ന ഒരു രാജ്യത്തെ ഇടനിലക്കാരാക്കിയാണ് അമേരിക്കൻ നീക്കം. ഹിസ്ബുല്ലക്ക് പിന്തുണ നൽകി ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്തിയാൽ വലിയ തോതിലുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്നും, ഇസ്രായേലിനെ പിന്തിരിപ്പിക്കുക എന്നത് തങ്ങൾക്ക് എളുപ്പമാവില്ലെന്നും അമേരിക്ക ഇറാനെ ധരിപ്പിച്ചതായി അമേരിക്കൻ നയതന്ത്ര പ്രതിനിധിയെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.