പൂനെ ഹെലികോപ്‌റ്റർ അപകടം; മരിച്ചവരിൽ മലയാളി പൈലറ്റും

0

പൂനെ: ബാവ്‌ധനിൽ ഹെലികോപ്‌റ്റർ അപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റ് ഗിരീഷ്‌കുമാർ പിള്ളയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു അപകടം. ഈ സമയത്ത് പൈലറ്റുമാരും ഒരു എഞ്ചിനീയറും ഉൾപ്പെടെ മൂന്നുപേരാണ് ഉണ്ടായിരുന്നത്. പിംപ്രി ചിഞ്ച്‌വാഡ് പൊലീസ് കമ്മീഷണർ വിനോയ്‌കുമാർ ചൗബെയാണ് മരണം സ്ഥിരീകരിച്ചത്. ഹെലികോപ്റ്റർ പൂർണമായും കത്തിയെരിഞ്ഞ നിലയിലായിരുന്നു.

ഓക്‌സ്‌ഫോർഡ് ഗോൾഫ് കോഴ്‌സ് റിസോർട്ടിൽ നിന്ന് മുംബയിലെ ജുഹുവിലേക്ക് പറത്തുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. പ്രീതംചന്ദ് ഭരദ്വാജ്, പരംജീത് എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേർ. ഹെറിറ്റേജ് ഏവിയേഷൻ എന്ന കമ്പനിയുടെ കീഴിലുള്ള ഹെലികോപ്‌‌റ്റർ പറന്നുയർന്നപ്പോൾ മൂടൽമഞ്ഞ് ഉണ്ടായിരുന്നു. മഞ്ഞ് പൈലറ്റിന്റെ കാഴ്‌ച മറച്ചിരിക്കാമെന്നാണ് പ്രാഥമിക വിവരം. മഹാരാഷ്‌ട്ര നാഷണലിസ്റ്റ് കോൺഗ്രസ് പ്രസിഡന്റ് ( എൻസിപി ) പ്രസിഡന്റ് സുനിൽ തത്‌കരെ മുബയ് റായ്‌ഗഡിലെ സുതർവാഡിയിലുള്ള വസതിയിൽ നിന്നും ഈ ഹെലികോപ്‌റ്റർ യാത്ര ചെയ്യേണ്ടതായിരുന്നു.

അപകടം നടന്നെന്ന വിവരം ലഭിച്ചയുടൻ മൂന്ന് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. അധികാരികളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അപകടത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം നടത്തുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വിശാൽ ഗെയ്‌ക്‌വാദ് പറ‌ഞ്ഞു. മൃതദേഹങ്ങൾ ഇപ്പോൾ പൂനെയിലെ ആശുപത്രിയിലാണുള്ളത്. പോസ്റ്ര്‌മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

You might also like