ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ് എത്തുന്നുവെന്ന് നാസ: ആശങ്കയിൽ ഇന്ത്യയും

0

ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ് എത്തുന്നുവെന്ന് നാസ. ഇലക്ട്രോണിക് ആശയവിനിമ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ഇന്ത്യയിലും സോളാര്‍ കൊടുങ്കാറ്റ് ബാധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

വരാനിരിക്കുന്ന സോളാര്‍ കൊടുങ്കാറ്റ് ടെലികമ്മ്യൂണിക്കേഷനെയും ഉപഗ്രഹങ്ങളെയും തടസ്സപ്പെടുത്തിയേക്കാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ ഡയറക്ടര്‍ ഡോ.അന്നപൂര്‍ണി സുബ്രഹ്മണ്യന്‍ പറഞ്ഞു. ശാസ്ത്രജ്ഞര്‍ ഇത് നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഉപഗ്രഹ ഓപ്പറേറ്റര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇസ്രോയിലെ വിദഗ്ധര്‍ അറിയിച്ചു.

വരുന്ന കുറച്ച് ദിവസങ്ങള്‍ ഭൂമിക്ക് നിര്‍ണായകമാണ്. സൗരക്കാറ്റ് ഭൂമിയില്‍ പതിക്കാന്‍ കുറച്ച് ദിവസങ്ങള്‍ എടുക്കും. കാന്തികമണ്ഡലത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഡോ.അന്നപൂര്‍ണി പറഞ്ഞു. സൂര്യനില്‍ നിന്ന് സൗരയൂഥത്തിലേക്ക് കണങ്ങളും കാന്തികക്ഷേത്രങ്ങളും മറ്റ് വസ്തുക്കളും പൊട്ടിത്തെറിച്ചുണ്ടാകുന്ന സ്‌ഫോടനത്തെയാണ് സൗരക്കാറ്റ് എന്ന് വിളിക്കുന്നത്.

സൗരക്കാറ്റ് ഭൂമിയെ ലക്ഷ്യമിട്ടെത്തുമ്പോള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ ജിയോമാഗ്‌നെറ്റിക് കൊടുങ്കാറ്റ് എന്ന പ്രതിഭാസം സൃഷ്ടിക്കുന്നു. ഇത് വൈദ്യുതിബന്ധം നിലയ്ക്കാനും ആശയവിനിമയ സംവിധാനങ്ങളെ തകരാറിലാക്കാനും കാരണമാകും. അറോറകളും ദൃശ്യമാകും. ഭൂമിയുടെ കാന്തിക മണ്ഡലവും അന്തരീക്ഷവും സൗരക്കാറ്റില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനാല്‍ തന്നെ ഇവ ഭൂമിയിലെ ജീവജാലങ്ങളെ നേരിട്ട് ബാധിക്കില്ലെന്നതും ശ്രദ്ധയേമാണ്.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഭൂമിയില്‍ പതിച്ച സൗരക്കാറ്റിന്റെ ഫലമായി വടക്കന്‍ അര്‍ദ്ധഗോളത്തില്‍ ഉടനീളം അറോറ ഡിസ്‌പ്ലേകള്‍ സൃഷ്ടിച്ചിരുന്നു. സൗരകണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷവുമായി ഇടപഴകുമ്പോള്‍ ഉണ്ടാകുന്ന പ്രകാശത്തെയാണ് അറോറ ഡിസ്‌പ്ലേ എന്നുവിളിക്കുന്നത്.

You might also like