തൃശൂര്‍ ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; വാക്‌സിനേഷന്‍ ശക്തിപ്പെടുത്താന്‍ ജില്ലാ ഭരണകൂടം
തൃശൂര്‍: ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി ജില്ലാ ഭരണകൂടം. ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിലും നഗരസഭാ തലത്തിലും വാര്‍ഡ് തല മൊബൈല്‍ രജിസ്‌ട്രേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കണം. ഈ കമ്മറ്റികള്‍ 45 വയസ്സിന് മുകളിലുള്ളവരെ കണ്ടെത്തി സര്‍ക്കാര്‍ തലത്തിലോ സ്വകാര്യ തലത്തിലോ വാക്‌സിനേഷന്‍ എടുക്കാന്‍ പ്രേരിപ്പിക്കണം. വാര്‍ഡ് അംഗങ്ങള്‍ അടിയന്തരമായി വീടുവീടാന്തരം കയറിയിറങ്ങി വാക്‌സിനേഷന്‍ സംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്ത് ജനങ്ങളെ ബോധവാന്മാരാക്കി വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമേ വാക്‌സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. ഗവണ്മെന്റ്‌സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കല്‍ നിര്‍ബന്ധമാക്കണം. കടകളില്‍ നില്‍ക്കുന്നവര്‍ക്ക് നിശ്ചിത ദിവസത്തിനുള്ളില്‍ വാക്‌സിനേഷന്‍ എടുക്കുക എന്നത് നിര്‍ബന്ധമാക്കണം. എടിഎമ്മുകളിലും ബാങ്കുകളിലും മറ്റും നില്‍ക്കുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കും.
കൊവിഡ് സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ജാഗ്രത കുറഞ്ഞുവരികയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ കൊവിഡ് പോസിറ്റിവിറ്റി റേറ്റ് 1.8 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ജില്ലയില്‍ എറിയാട്, മുളങ്കുന്നത്തുകാവ്, പുത്തൂര്‍, ആളൂര്‍, വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തുകള്‍, ഗുരുവായൂര്‍, വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍, ചാലക്കുടി നഗരസഭകള്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണ് ഉയര്‍ന്ന കോവിഡ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ ജെ റീന അറിയിച്ചു.
കൊവിഡ് വ്യാപനത്തെക്കുറിച്ച് കൂട്ടായ ബോധവല്‍ക്കരണം ആവശ്യമാണ്. പൊതുസ്ഥലങ്ങളിലും തെരുവുകളിലും ആളുകള്‍ കൂടുന്നത് സംബന്ധിച്ച് കൂടുതല്‍ ജാഗരൂകരാകണം. ബീച്ചുകളിലും മാളുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. ഇതിനായി പൊലീസിന്റെ സേവനവും ഊര്‍ജ്ജിതമാക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ മുനിസിപ്പല്‍ സെക്രട്ടറിമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഡിഡി പഞ്ചായത്ത്, സിറ്റി റൂറല്‍ പൊലീസ് വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.