ഫെമിനിസ്റ്റുകൾ ക്രിസ്തുവിനെ ചാട്ടവാറിന് അടിക്കുന്ന ദൃശ്യാവിഷ്കാരം: മെക്സിക്കോയിലെ കുരിശിന്റെ വഴി ചര്‍ച്ചയാകുന്നു

0

മെക്സിക്കോ സിറ്റി: ദുഃഖവെള്ളിയാഴ്ച ഫെമിനിസ്റ്റുകൾ ക്രിസ്തുവിനെ ചാട്ടവാറിന് അടിക്കുന്ന ദൃശ്യാവിഷ്കാരവുമായി ദക്ഷിണ മെക്സിക്കോയിൽ സംഘടിപ്പിക്കപ്പെട്ട ‘ആധുനിക’ കുരിശിന്റെ വഴി പ്രാദേശിക മാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നു. ലൈഫ് ഓൺലൈൻ ഓഫീഷ്യൽ സംഘടനയാണ് കുരിശിന്റെ വഴി സംഘടിപ്പിച്ചത്. തപാസ്കാ രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ് ഇടവക ദേവാലയവുമായി ബന്ധമുള്ള സംഘടനയാണ് ലൈഫ് ഓൺലൈൻ ഓഫീഷ്യൽ. “വിശ്വാസത്തിൽ വളരാനും, സ്വയം മെച്ചപ്പെടാനും സഹായകരമാകുന്ന വിഷയങ്ങളെപ്പറ്റി പങ്കുവയ്ക്കാൻ താല്പര്യമുള്ള യുവ കത്തോലിക്കാ വിശ്വാസികൾ” എന്നാണ് സംഘടനയിലെ അംഗങ്ങൾ തങ്ങളെ തന്നെ വിശേഷിപ്പിക്കുന്നത്. സെന്റ് ജോസഫ് ഇടവക ദേവാലയത്തിലെ വൈദികനായ ഫാ. തോമസ് റേയ്മുണ്ടോ റോഡിഗ്രസ് എന്ന വൈദികനാണ് കുരിശിന്റെ വഴി അവതരണത്തിനു ചുക്കാൻ പിടിച്ചത്.

2021 വർഷങ്ങൾക്കു മുമ്പ് നമ്മുടെ കർത്താവ് ജറുസലേം വീഥികളിൽ തനിക്കുവേണ്ടി കരയുന്ന സ്ത്രീകളെ കണ്ടുവെങ്കിൽ, അതിൽ നിന്ന് വ്യത്യസ്തമായ സ്ത്രീകളെയാണ് കർത്താവിന് ഇപ്പോൾ കാണാൻ സാധിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട സംഘാടകരില്‍ ഒരാള്‍ പറഞ്ഞു. ഫെമിനിസ്റ്റുകൾ ദേവാലയങ്ങൾ ലക്ഷ്യമാക്കി തുടർച്ചയായി ആക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ ഒരു ഭാഗം ഉൾക്കൊള്ളിച്ചതെന്ന്‍ സംഘാടകര്‍ പറയുന്നു. തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാനായി വിശുദ്ധ കുർബാനയെയും, കന്യകാമറിയത്തെയും ഉൾപ്പെടെ അപമാനിക്കുകയും, മുൻപിൽ ഉള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുന്നവർ എന്നാണ് ഫെമിനിസ്റ്റുകളെ വിവരണത്തിൽ വിശേഷിപ്പിച്ചത്.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭഛിദ്രം അടക്കമുള്ള തിന്‍മകളെ അനുകൂലിക്കുവാന്‍ വിവസ്ത്രരായി തിരുസഭയ്ക്കു നേരെ അശ്ലീല മുദ്രാവാക്യങ്ങള്‍ മുഴക്കിയും പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപങ്ങള്‍ വികൃതമാക്കിയുമാണ് മിക്കപ്പോഴും ഫെമിനിസ്റ്റുകള്‍ തെരുവുവീഥികളില്‍ പ്രതിഷേധം സംഘടിപ്പിക്കാറുള്ളത്. അതേസമയം കുരിശിന്റെ വഴി ചിത്രീകരണത്തിന്റെ പേരിൽ പ്രാദേശിക മാധ്യമങ്ങൾ രൂപതയെയും, മേജർ സെമിനാരിയെയും കുറ്റപ്പെടുത്തിയെങ്കിലും ബിഷപ്പ് ജെറാർഡോ ഡി ജീസസ് ആരോപണങ്ങളെല്ലാം നിഷേധിച്ചു. രൂപതയ്ക്കോ, സെമിനാരിക്കോ ഇതിൽ പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

You might also like