മുംബൈ – ലണ്ടൻ എയർ ഇന്ത്യ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി
ചെന്നൈ : യാത്രാവിമാനങ്ങൾക്കു വ്യാജ ബോംബ് ഭീഷണികൾ വീണ്ടും. മുംബൈയിൽ നിന്ന് ലണ്ടനിലേക്കു പോയ എയർ ഇന്ത്യ വിമാനത്തിന്, ഭീഷണിയെത്തുടർന്ന് ബ്രിട്ടിഷ് റോയൽ എയർഫോഴ്സിന്റെ 2 ടൈഫൂൺ യുദ്ധവിമാനങ്ങൾ അകമ്പടി നൽകേണ്ടി വന്നു. ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽ ഇറങ്ങാൻ അര മണിക്കൂർ ശേഷിക്കെയാണ് നോർഫോക് ഭാഗത്തേക്കു തിരിച്ചത്. വിമാനത്തിന്റെ സ്ഥിതി പരിശോധിക്കാനാണ് എയർഫോഴ്സ് വിമാനങ്ങൾ ലിങ്കൻഷറിലെ കോണിങ്സ്ബി വ്യോമതാവളത്തിൽ നിന്നെത്തിയത്.
മേഖലയിൽ ഉഗ്രശബ്ദം കേട്ടതായി റിപ്പോർട്ട് ചെയ്തെങ്കിലും ഇത് യുദ്ധവിമാനത്തിന്റെ സഞ്ചാരം മൂലമുള്ള ‘സോണിക് ബൂം’ ആണെന്നു നോർഫോക് പൊലീസ് അറിയിച്ചു. 2 ദിവസം മുൻപ് മധുരയിൽനിന്നു സിംഗപ്പൂരിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ഭീഷണിയെത്തുടർന്ന് സിംഗപ്പൂർ വ്യോമസേനയുടെ 2 യുദ്ധവിമാനങ്ങൾ അകമ്പടി ഒരുക്കിയിരുന്നു.