ആക്രമണം നടത്തുന്ന ഫലസ്തീനികളുടെ ബന്ധുക്കളെ 20 വർഷംവരെ നാടുകടത്താം;നിയമം പാസാക്കി ഇസ്രായേൽ പാർലമെന്റ്

0

ജറുസലേം: ഇസ്രായേലിൽ ആക്രമണം നടത്തുന്ന ഫലസ്തീനികളുടെ ബന്ധുക്കളെ നാട് കടത്താൻ അനുവദിക്കുന്ന നിയമം ഇസ്രായേൽ പാർലമെന്റായ നെസെറ്റ് പാസാക്കി. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ബില്ലിന് അംഗീകാരം നൽകിയത്. 20 വർഷം വരെ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയത്തിന് കഴിയുന്നതാണ് നിയമം. സാഹചര്യത്തിന് അനുസരിച്ച് ഗസ്സയിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ ആകും നാടുകടത്തുക.

മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കൾ, ഇണകൾ എന്നിവരെയെല്ലാം ഈ നിയമപ്രകാരം നാടുകടത്താൻ സാധിക്കും. ഭീകരവാദത്തിന് പിന്തുണ, പ്രോത്സാഹനം എന്നിവ നൽകിയെന്ന കുറ്റം ചുമത്തിയാകും നാടുകടത്തുക. ആക്രമണം മുൻകൂട്ടി അറിഞ്ഞിട്ടും അത് തടയാൻ നടപടി സ്വീകരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയും ആളുകളെ നാടുകടത്താൻ സാധിക്കും. ഭരണകക്ഷിയായ ലിക്കുഡ് പാർട്ടിയുടെ ഹനോച്ച് മിൽവിഡ്സികിയാണ് ബില്ല് അവതരിപ്പിച്ചത്. 61 എംപിമാർ ഇതിനെ പിന്തുണച്ചപ്പോൾ 41 പേർ എതിർത്തു.

ഇസ്രായേലിലുള്ള ഫലസ്തീൻ പൗരൻമാരെ ഏഴ് വർഷം മുതൽ 15 വർഷം വരെ നാടുകടത്താം. മറ്റുള്ളവരെ 10 മുതൽ 20 വർഷം വരെയാകും നാടുകടത്തുക. നാടുകടത്തൽ നടപ്പാക്കാൻ പൊലീസിനും അധികാരമുണ്ടാകും. നിയമത്തെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻബെതും പിന്തുണക്കുന്നുണ്ട്. പ്രതിരോധത്തിനുള്ള ഫലപ്രദമായ മാർഗമെന്നാണ് ഷിൻബെതിന്റെ അഭിപ്രായം

You might also like