കഴിഞ്ഞ എട്ടുമാസത്തിനിടെ ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത് 13 ലക്ഷം സ്മാർട്ട് ഫോണുകൾ

0

ജിദ്ദ : ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്കുള്ള മൊബൈൽ ഫോണുകളുടെ ഇറക്കുമതിയിൽ വൻ കുതിപ്പ്. കഴിഞ്ഞ എട്ടുമാസത്തിനിടെ 13 ലക്ഷം സ്മാർട്ട് ഫോണുകളാണ് ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. അതായത് സൗദിയിലേക്ക് ഫോൺ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാമതായി ഇന്ത്യ മാറി. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

138.4 കോടി റിയാല്‍ (ഏകദേശം 3100 കോടി ഇന്ത്യൻ രൂപ) വില വരുന്ന സ്മാര്‍ട് ഫോണുകളാണ് ഇന്ത്യയില്‍നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. എട്ടു മാസത്തിനിടെ സൗദിയിലേക്ക് ഇറക്കുമതി ചെയ്ത സ്മാർട് ഫോണുകളിൽ എട്ടുശതമാനവും ഇന്ത്യയിൽനിന്നാണ്. അമേരിക്കയെ മറികടന്നാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയത്. എട്ടു മാസത്തിനിടെ 44 രാജ്യങ്ങളില്‍ നിന്ന് 1,700 കോടി റിയാല്‍ വില വരുന്ന 1.43 കോടി സ്മാര്‍ട് ഫോണുകളാണ് സൗദിയിൽ എത്തിയതെന്നും ജനറൽ അതോറിറ്റി അറിയിച്ചു.

കൂടുതൽ ഫോണുകൾ ഇറക്കുമതി ചെയ്തത് ചൈനയിൽനിന്നാണ്. 75 ശതമാനവും ചൈനയിൽനിന്ന്. രണ്ടാം സ്ഥാനത്ത് വിയറ്റ്നാമാണ്.  പതിനേഴ് ശതമാനം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ അമേരിക്കൻ കമ്പനികൾ സ്മാർട്ട് ഫോണുകൾ നിർമ്മിക്കാൻ തുടങ്ങുന്നതാണ് ഇന്ത്യ സൗദിയുടെ വിപണിയാകാൻ കാരണം.

You might also like