അമേരിക്കയിലേക്ക് സ്റ്റഡി വിസകൾ അനുവദിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്

0

വാഷിങ്ടൺ ഡിസി: അമേരിക്കയിലേക്ക് സ്റ്റഡി വിസകൾ അനുവദിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം എഫ്-1 വിസകൾ ലഭിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ 38 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വ‍ർഷത്തെ ഇതേ കാലയളവിലുള്ള കണക്കുകളുമായുള്ള  താരതമ്യത്തിലാണ് ഈ കുറവ്.

അമേരിക്കയിലെ ബ്യൂറോ ഓഫ് കോൺസുലാർ അഫയേഴ്സ് പുറത്തുവിട്ട പ്രതിമാസ കണക്കുകൾ പ്രകാരം ഈ വ‍ർഷം ജനുവരി മുതൽ സെപ്റ്റംബ‍ർ വരെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആകെ 64,008 എഫ്-1 വിസകളാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇഷ്യൂ ചെയ്തിരുന്ന എഫ്-1 വിസകളുടെ എണ്ണം 1,03,495 ആയിരുന്നു.

കൊവിഡ് കാലത്തെ യാത്ര പ്രതിസന്ധികൾക്ക് ശേഷം എഫ്-1 വിസകളുടെ എണ്ണം ഇത്രയും കുറയുന്നത് ഇതാദ്യമായാണ്. 2020ൽ ആകെ സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ 6,646 എണ്ണം മാത്രമാണ് പരിഗണിക്കപ്പെട്ടത്. കൊവിഡിന് ശേഷം 2021ൽ ജനുവരി മുതൽ സെപ്റ്റംബർ വരെ 65,235 എഫ്-1 വിസകളും 2022ൽ ഇതേ കാലയളവിൽ 93,181 വിസകളും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അനുവദിക്കപ്പെട്ടു.

അതേസമയം ഇത്രവലിയ ഇടിവില്ലെങ്കിലും മറ്റ് ചില രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അനുവദിക്കപ്പെടുന്ന എഫ്-1 വിസകളുടെ എണ്ണത്തിലും ചെറിയ കുറവുകളുണ്ടായിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിദേശ വിദ്യാർത്ഥി സമൂഹമായ ചൈനക്കാരുടെ എണ്ണത്തിൽ എട്ട് ശതമാനം കുറവ് ഈ വ‍ർഷം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം 73,781 എഫ്-1 വിസകൾ ഇതുവരെ ചൈനീസ് വിദ്യാർത്ഥികൾക്ക് ഇഷ്യൂ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 80,603 ആയിരുന്നു.

You might also like