മനുഷ്യനെ കുളിപ്പിച്ച് വൃത്തിയാക്കിയെടുക്കാനും ഇനി മെഷീൻ
എ ഐ നമ്മുടെ ദിവസേനയുള്ള ഓരോ പ്രവർത്തനങ്ങളിലും വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് നമ്മുടെ വ്യക്തിഗത, ദൈനംദിന ജീവിതത്തിലും എഐ സ്വാധീനം ചെലുത്തുകയാണ്. എഐ ഉപയോഗിച്ച് പതിനഞ്ച് മിനിറ്റിനുള്ളിൽ നമ്മളെ കുളിപ്പിച്ച് വൃത്തിയാക്കി, ഉണക്കി തരുന്ന ഹ്യൂമൺ വാഷിങ് മെഷീനാണ് ഇന്ന് വാർത്തകളിൽ താരമാകുന്നത്. ജപ്പാനാണ് ഈ ഹ്യൂമൺ വാഷിങ് മെഷീൻ അവതരിപ്പിച്ചിരിക്കുന്നത്.
ജപ്പാനിലെ ഒസാക്കൻ കമ്പനിയായ സയൻസ് കോയിലെ എൻജിനീയർമാർ വികസിപ്പിച്ചെടുത്ത ഈ ഹ്യൂമൺ വാഷിങ് മെഷീന്, മിരൈ നിങ്കൻ സെൻ്റകുകി എന്നാണ് പേരിട്ടിരിക്കുന്നത്. നിങ്ങൾ കുളിക്കുന്ന രീതിയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതാണ് ഈ മെഷീൻ. അത്യാധുനിക സൗകര്യങ്ങളും, ക്ലീനിംഗ് ടെക്നിക്കുകളും സംയോജിപ്പിച്ചുകൊണ്ടാണ് ഇതിൻ്റെ നിർമാണം.
ഫ്ലൈറ്റ് ജെറ്റിലെ കോക്ക്പിറ്റിന് സമാനമായ ഈ മെഷീനിൽ കയറിയിരിക്കുന്നതോടെ, നിങ്ങളുടെ ശരീരത്തെയും ചർമ്മത്തെയും കുറിച്ച് മെഷീനിലെ എഐ പഠിക്കും. അതിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ സോപ്പും ഡ്രൈ ഓപ്ഷനുകളും തീരുമാനിക്കുന്ന മെഷീൻ, നിങ്ങളെ കുളിപ്പിച്ച് ഉണക്കിയ ശേഷം പുറത്തിറക്കും. ശരീരം വൃത്തിയാക്കുക മാത്രമല്ല, എഐയുടെ സഹായത്തോടെ മനസും ശുദ്ധീകരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ജപ്പാനിലെ ഒസാക്ക കൻസായ് എക്സ്പോയിൽ ആദ്യമായി പ്രദർശനത്തിനെത്തുന്ന ഹ്യൂമൺ വാഷിങ് മെഷീൻ, 1000 അതിഥികളിൽ പരീക്ഷിക്കും. ഇതിനകം തന്നെ വലിയ ജനശ്രദ്ധ നേടിയിട്ടുള്ള ഈ മെഷീൻ എന്ന് വിപണിയിലെത്തുമെന്നോ, ഇതിൻ്റെ വിലയെന്തായിരിക്കുമെന്നോ തുടങ്ങിയ വിവരങ്ങളൊന്നും ഇതുവരെ സയൻസ് കോ പുറത്തുവിട്ടിട്ടില്ല.
50 വർഷം മുമ്പ് 1970ൽ ജപ്പാനിലെ വേൾഡ് സാനിയോ ഇലക്ട്രിക് കമ്പനി (ഇപ്പോഴത്തെ പാനസോണിക്) ഇത്തരമൊരു മെഷീന്‍ വികസിപ്പിച്ചിരുന്നു. എന്നാൽ, ആ മെഷീന് വിപണി കീഴടക്കാൻ കഴിഞ്ഞിരുന്നില്ല.