സ്‌പെയ്‌ഡെക്‌സ്: പേടകങ്ങൾ ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കുന്ന സാങ്കേതിക വിദ്യയുമായി ഇന്ത്യ
ചെന്നൈ: രണ്ടു വ്യത്യസ്ത പേടകങ്ങൾ രണ്ടു തവണയായി വിക്ഷേപിച്ച് ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കുന്ന സ്‌പെയ്‌ഡെക്‌സ് സാങ്കേതിക വിദ്യ പരീക്ഷിക്കാൻ ഇന്ത്യ സജ്ജമായതായി ഐ.എസ്.ആർ.ഒ. മേധാവി എസ്. സോമനാഥ് വെളിപ്പെടുത്തി. ഈ മാസമൊടുവിൽ ഐ.എസ്.ആർ.ഒ. യുടെ ധ്രുവീയ വിക്ഷേപണ വാഹന (പി.എസ്.എൽ.വി.)ത്തിലാവും സ്പെയ്‌ഡെക്സ് അഥവാ സ്‌പെയ്‌സ് ഡോക്കിങ് എക്സ്‌പെരിമെന്റിന്റെ വിക്ഷേപണം.
സ്പെയ്‌ഡെക്സിൽ രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങൾ വേറെത്തന്നെ വിക്ഷേപിച്ചശേഷം ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുക. ഇന്ധനവും ഊർജവും കൈമാറാനും ഒരൊറ്റ പേടകം പോലെ പ്രവർത്തിക്കാനും ഇതിനു പറ്റും. പലതവണ വിക്ഷേപിച്ച വ്യത്യസ്ത ഘടക ഭാഗങ്ങൾ കൂട്ടി യോജിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയം നിർമിച്ചതിനു സമാനമായിരിക്കും ഈ പ്രക്രിയ.