യു.കെയെ വിറപ്പിച്ച് ‘ദർറാഗ്’ കൊടുങ്കാറ്റ്; രണ്ട് ലക്ഷത്തോളം കുടുംബങ്ങൾ ഇരുട്ടിൽ
ലണ്ടൻ: ശനിയാഴ്ച പുലർച്ചെ ‘ദർറാഗ്’ കൊടുങ്കാറ്റോടെയാണ് യു.കെയിലെ വുഡ്ബൈൻ ഉണർന്നത്. വടക്കൻ വെയിൽസിലെ ട്രോഫാർത്തിലെ ഒരു കുന്നിൻ മുകളിലാണ് അദ്ദേഹത്തിന്റെ 300 വർഷം പഴക്കമുള്ള കോട്ടേജ്. ബ്രിട്ടനിലും അയർലൻഡിലുടനീളം വീശിയ ‘ദർറാഗ്’ കൊടുങ്കാറ്റ് ബാധിച്ച ലക്ഷക്കണക്കിന് ആളുകളിൽ ഒരാളാണ് വുഡ്‌ബൈൻ.‘കാറ്റ് അതിശക്തമായിരുന്നു. ശബ്ദവും ഏറ്റവും വിചിത്രമായിരുന്നു. നിലത്തുനിന്ന് ഒരു ശബ്ദം വരുന്നുണ്ടായിരുന്നു. കെട്ടിടത്തിനുള്ളിലും ഒരു പ്രത്യേക മുഴക്കം. ഞാനത് മുമ്പ് കേട്ടിട്ടില്ല. 30 വർഷമായി ഇവിടെയുണ്ട്. 2017ൽ ‘ഡോറിസ്’ കൊടുങ്കാറ്റുണ്ടായി. എന്നാൽ, അതിനേക്കാൾ വളരെ മോശമാണിത്. ഇതുപോലൊരു കൊടുങ്കാറ്റ് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല’ -വുഡ്ബൈൻ വിവരിച്ചു.
ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ 170,000 ത്തിലധികം വീടുകളിൽ വൈദ്യുതിയില്ല. വൈദ്യുതി പുനഃസ്ഥാപിക്കാൻ 1,000ലധികം എൻജിനീയർമാരെ വിന്യസിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.നോർത്ത് വെയിൽസ് കോസ്റ്റ് ലൈനിലെ എല്ലാ ട്രെയിൻ സർവിസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചതായി റെയിൽ നെറ്റ്‌വർക്ക് അറിയിച്ചു. കാലാവസ്ഥാ ഓഫിസ് റെഡ് അലർട്ടും ജീവനുള്ള ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പും നൽകിയിരുന്നു. പ്രെസ്റ്റണിനടുത്തുള്ള ലോംഗ്‌ടണിൽ വണ്ടിയോടിക്കുന്നതിനിടെ 40 വയസ്സുള്ള ഒരാൾ മരം വീണ് മരിച്ചതൊഴിച്ചാൽ ജീവനാശം റിപ്പോർട്ട് ചെയ്തിട്ടില്ല. 130 വർഷത്തിന് ശേഷം എവർട്ടണും ലിവർപൂളും തമ്മിൽ ഗുഡിസണിൽ നടക്കുന്ന അവസാന മത്സരം കാറ്റിന്റെ ആഘാതത്തെത്തുടർന്ന് മാറ്റിവെച്ചു.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനാൽ സ്കോട്ട്ലൻഡിൽ ഗതാഗതം തടസ്സപ്പെട്ടു. കാറ്റും മഴയും രാജ്യത്ത് കാര്യമായ നാശമുണ്ടാക്കിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ വിനോദസഞ്ചാര യൂണിറ്റുകൾ പൂർണമായി തകർന്നതായി നോർത്ത് വെയിൽസിലെ ലാൻഡുഡ്‌നോ പിയറിന്റെ ഉടമകൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു.