സിറിയയില്‍ അരാജകത്വം; അയല്‍രാജ്യങ്ങളിലേക്ക് അഭയാര്‍ഥി പ്രവാഹം: ആക്രമണം നടത്തി യുഎസും ഇസ്രയേലും
ദമാസ്‌കസ്: യുഎന്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ച ഹയാത്ത് തഹ്രീര്‍ അല്‍ഷാം (എച്ച്.ടി.എസ്) നിയന്ത്രണം പിടിച്ച സിറിയയില്‍ ആക്രമണം നടത്തി അമേരിക്കയും ഇസ്രയേലും. തലസ്ഥാനമായ ദമാസ്‌കസ് ഉള്‍പ്പെടെയുള്ള നാലു പ്രധാന നഗരങ്ങളിലായി നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യുദ്ധോപകരണങ്ങള്‍ വിമതര്‍ക്ക് ലഭിക്കരുതെന്ന് ഉറപ്പാക്കാനാണ് ആക്രമണമെന്ന് ഇസ്രയേല്‍ വിദേശമന്ത്രാലയം അറിയിച്ചു. മധ്യസിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണമാണ് യുഎസ് നടത്തിയത്. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വിമതര്‍ അട്ടിമറിച്ച പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളുടെയും ആക്രമണം. ഐഎസിന്റെ 75-ലേറെ താവളങ്ങള്‍ തകര്‍ത്തെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത ഐഎസ് മുതലെടുക്കാതിരിക്കാനാണ് ആക്രമണം നടത്തിയതെന്നും പറഞ്ഞു. ബി-52, എഫ്-15, എ-10 ബോംബര്‍ വിമാനങ്ങളുപയോഗിച്ചായിരുന്നു ആക്രമണം.
പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യംവിട്ടതോടെ പ്രതിസന്ധിയിലായ സിറിയന്‍ ജനത കടുത്ത അരക്ഷിതാവസ്ഥയിലാണ്. സിറിയിയില്‍നിന്ന് അയല്‍രാജ്യങ്ങളിലേക്ക് വന്‍ അഭയാര്‍ഥി പ്രവാഹം തുടരുകയാണ്. ലിബിയന്‍ അതിര്‍ത്തിയില്‍ പതിനായിരങ്ങളാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്. മൂന്നുലക്ഷത്തിലേറെ പേര്‍ പലായനം ചെയ്തെന്ന് യുഎന്‍ വെളിപ്പെടുത്തി