ആഗോള ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2024 എന്ന് യൂറോപ്യൻ കാലാവസ്ഥാ ഏജൻസി
ന്യൂഡൽഹി: ആഗോള ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2024 എന്ന് യൂറോപ്യൻ കാലാവസ്ഥാ ഏജൻസിയായ കോപ്പർനിക്കസിന്റെ റിപ്പോര്‍ട്ട്. ശരാശരി 1.5 ഡിഗ്രി സെൽഷ്യസ് ഉയര്‍ന്ന ആദ്യ വര്‍ഷമാണിതെന്നും കണ്ടെത്തല്‍. 2023 നവംബറിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടിയ രണ്ടാമത്തെ ഉപരിതല താപനിലയാണ് 2024 ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. 14.10 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇത്. കഴിഞ്ഞ 17 മാസത്തിനിടെ ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസ് പരിധി കവിഞ്ഞ 16-ാം മാസമായും ഇത് മാറിയെന്ന് ഏജൻസി അറിയിച്ചു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ കണക്കനുസരിച്ച് 1901 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ രണ്ടാമത്തെ നവംബറാണ് ഇന്ത്യയിലുണ്ടായത്. ശരാശരി കൂടിയ താപനിലയായി രേഖപ്പെടുത്തിയത് 29.37 ഡിഗ്രി സെൽഷ്യസ് ആണ്. ഇത് സാധാരണത്തെ അപേക്ഷിച്ച് 0.62 ഡിഗ്രി കൂടുതലാണ്.
2024 നവംബറിലെ ശരാശരി സമുദ്രോപരിതല താപനിലയും (എസ്എസ്ടി) ഏറ്റവും ഉയർന്ന രണ്ടാമത്തെ താപനിലയാണ്. 20.58 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2023 നവംബറിലെ റെക്കോർഡ് താപനിലയേക്കാള്‍ 0.13 ഡിഗ്രി സെൽഷ്യസ് മാത്രമാണ് കുറവുള്ളത്.
ഭൂമധ്യരേഖാ കിഴക്കും മധ്യ പസഫിക്കും ന്യൂട്രൽ അല്ലെങ്കിൽ ലാ നിന അവസ്ഥകളിലേക്ക് നീങ്ങിയതോടെ, പല സമുദ്രമേഖലകളിലും സമുദ്രോപരിതല താപനില അസാധാരണമാംവിധം ഉയർന്നതായി കോപ്പർനിക്കസ് പറഞ്ഞു. ലോകമെമ്പാടുമുള്ള റെക്കോർഡ് വരൾച്ചയ്ക്കും കാട്ടുതീയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നിലെ കാരണമായി ഈ താപനം കണക്കാക്കപ്പെടുന്നതായും കോപ്പര്‍ നിക്കസ് റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.