ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട; ദുബായിൽ ഇനി അവശ്യസാധനങ്ങൾ പറന്നിറങ്ങും; ആദ്യത്തെ ഡ്രോൺ ഡെലിവറി സർവീസിന് തുടക്കം
ദുബായ്: ജനങ്ങൾക്കുള്ള അവശ്യസാധനങ്ങൾ ഇനി ദുബായിൽ പറന്നിറങ്ങും. മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഡ്രോൺ ഡെലിവറി സർവീസിന് സിലിക്കൺ ഒയാസിസിൽ തുടക്കമിട്ടു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദ്യ ഓർഡർ നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
മരുന്ന്, ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ ഡ്രോൺ ഡെലിവറി വഴി ലഭ്യമാകും. ഡ്രോൺ ഡെലിവറി സേവനത്തിനുള്ള ആദ്യ വാണിജ്യ അനുമതി ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി കീറ്റ ഡ്രോൺ കമ്പനിക്ക് നൽകി. ആറു ഡ്രോണുകളാണ് ഒയാസിൽ സർവീസ് നടത്തുക. 2.3 കിലോഗ്രാം ഭാരമുള്ള വസ്തുക്കളാണ് നിലവിൽ കീറ്റ ഡ്രോണുകൾ വഹിക്കുക.
അത്യാധുനികമായ ഹെക്സ കോപ്ടറുകളാണ് കീറ്റ ഡെലവറിക്കായി ഉപയോഗിക്കുന്നത്. ഡി.എസ്.ഒ.യിലെ ഡ്രോൺ ഡെലിവറി ശൃംഖലയിലെ ലാൻഡിങ് പോയിന്റുകളിലൊന്നായ ആർ.ഐ.ടി.- ദുബായിൽ വച്ചാണ് ദുബയ് കിരീടാവകാശി ഡെലിവറി ഓർഡർ ചെയ്തത്. പ്രദേശത്തെ ടേക്ക് ഓഫ് പോയിന്റിൽ നിന്ന് ഓർഡർ സ്വീകരിക്കുകയും ചെയ്തു. ഡ്രോൺ ഡെലിവറി സംവിധാനം പൂർണമായും സുരക്ഷിതവും വിശ്വസനീയവുമാണെന്ന് അധികൃതർ വ്യക്തമാക്കി