ഉത്തരകൊറിയയില്‍ മൂന്നര വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം ആരംഭിച്ചു
പ്യോങ്യാങ്: ഉത്തരകൊറിയയില്‍ ഇന്ത്യന്‍ എംബസി വീണ്ടും തുറന്നു. മൂന്നര വര്‍ഷത്തിന് ശേഷമാണ് എംബസി വീണ്ടും തുറന്നത്. ഇന്ത്യയ്ക്ക് പുറമെ സ്വീഡന്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളും ഉത്തര കൊറിയയില്‍ എംബസികള്‍ വീണ്ടും തുറന്നിട്ടുണ്ട്.
കോവിഡ് സമയത്താണ് ഇന്ത്യന്‍ എംബസി ഉത്തരകൊറിയയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. അടച്ചു പൂട്ടലിന്റെ ഭാഗമായി അംബാസഡര്‍ അതുല്‍ മല്‍ഹാരി ഗോട്സര്‍വെയും മുഴുവന്‍ ജീവനക്കാരും മോസ്‌കോ വഴി ഇന്ത്യയിലേക്ക് മടങ്ങി. എന്നാല്‍ എംബസി അടച്ചു പൂട്ടിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.
എംബസി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ സാങ്കേതിക ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാര്‍ ഉത്തരകൊറിയയില്‍ തിരിച്ചെത്തുകയും ഭരണപരമായ ജോലികള്‍ പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എംബസി വീണ്ടും തുറന്നത്.
ഏറെക്കാലമായി അടച്ചിട്ടിരുന്ന എംബസിയുടെ അറ്റകുറ്റപ്പണികളും വിവരച്ചോര്‍ച്ച ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന പ്രവൃത്തികളാണ് നടത്തിയത്. ചാരപ്രവര്‍ത്തനത്തിനും വിവരം ചോര്‍ത്തലിനും കുപ്രസിദ്ധമായ രാജ്യമാണ് ഉത്തരകൊറിയ. ഉത്തര കൊറിയയുമായുള്ള ഇന്ത്യയുടെ ബന്ധം പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. 1973-ല്‍ ഇന്ത്യ ഉത്തര കൊറിയയുമായും ദക്ഷിണ കൊറിയയുമായും ആരോഗ്യപരമായ നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു