പുതുവൽസരാഘോഷം: സമയക്രമത്തിൽ മാറ്റംവരുത്തി ദുബായ് ആർടിഎ
പുതുവൽസരാഘോഷങ്ങൾ കണക്കിലെടുത്ത് പൊതുഗതാഗത സേവനങ്ങളുടെ സമയക്രമത്തിൽ മാറ്റംവരുത്തി ദുബായ് ആർടിഎ. മെട്രോയും ട്രാമും തുടർച്ചയായി 2 ദിവസം സർവീസ് നടത്തും. വിവിധ എമിറേറ്റിൽനിന്ന് ദുബായിലേക്കു കൂടുതൽ ജനങ്ങൾ എത്താനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ പാർക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തി.
പുതുവർഷം ആഘോഷമാക്കാൻ എത്തുന്നവർക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നടപടി. ദുബായ് മെട്രോയും ട്രാമും 43 മണിക്കൂർ നിർത്താതെ തുടർച്ചയായി സർവീസ് നടത്തും. മെട്രോ ഡിസംബർ 31 രാവിലെ അഞ്ച് മണിമുതൽ ജനുവരി 1ന് അർധരാത്രി വരെ പ്രവർത്തിക്കും. ട്രാം സർവീസ് 31-ന് രാവിലെ 6 മുതൽ ജനുവരി രണ്ട് പുലർച്ചെ രണ്ട് മണി വരെയും സർവീസ് നടത്തും. 1400 ബസുകളിൽ സൗജന്യ യാത്രയ്ക്കും അവസരമൊരുക്കുന്നുണ്ടെന്ന് ആർടിഎ അറിയിച്ചു.
ഡൗൺടൗണിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി ദുബായ് മോൾ, സബീൽ, എമാർ ബൊളിവാർഡ് എന്നിവിടങ്ങളിൽ ഏകദേശം 20,000 അധിക പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അൽ വാസലിലും താമസ-കുടിയേറ്റ വകുപ്പിന്റെ പാർക്കിങ് സ്ഥലങ്ങളിലും വാഹന പാർക്കിങ്ങിനായി സൗകര്യമുണ്ടാകും. ഇവിടെനിന്ന് ആഘോഷസ്ഥലങ്ങളിലേക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസുകളും ലഭ്യമാക്കും. അതേസമയം ഡിസംബർ 31ന് വൈകിട്ട് നാലുമണി മുതൽ ഷെയ്ഖ് സായിദ് റോഡിന്റെ വിവിധഭാഗങ്ങൾ അടച്ചിടും. ഡൗൺടൗൺ ദുബായിൽ പുതുവർഷം ആഘോഷിക്കാൻ ഒരുങ്ങുന്നവർ പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും യാത്രകൾ നേരത്തേയാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.