അമേരിക്കയിൽ രണ്ടാമൂഴത്തിലെത്തിയ ട്രംപിൻ്റെ വാക്കുകളിലുടക്കി ഇന്ത്യൻ ഓഹരി വിപണികൾ കൂപ്പുകുത്തി
മുംബൈ.അമേരിക്കയിൽ രണ്ടാമൂഴത്തിലെത്തിയ ട്രംപിൻ്റെ വാക്കുകളിലുടക്കി ഇന്ത്യൻ ഓഹരി വിപണികൾ കൂപ്പുകുത്തി. ബോംബെ ഓഹരി വിപണി 7 മാസത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തിയപ്പോൾ നിക്ഷേപകർക്ക് നഷ്ടമായത് 7.48 ലക്ഷം കോടി രൂപ.
കഴിഞ്ഞ കുറേ ദിവസങ്ങളായി ചാഞ്ചാട്ടത്തിലായിരുന്ന ഇന്ത്യൻ ഓഹരി വിപണിക്ക് കൂനിൻമേൽ കുരു പോലെയായി ട്രംപൻ നയങ്ങൾ. സ്ഥാനാരോഗണത്തിന് ശേഷം ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളിൽ നിക്ഷേപകർ ആശങ്കയിലായതോടെ വിൽപന സമ്മർദ്ദത്തിലേക്ക് പോവുകയായിരുന്നു വിപണി. കാനഡയും മെക്സിക്കോയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന വാക്കുകൾ വിപണിയിൽ ആശങ്കയുളവാക്കി. അനധികൃത കുടിയേറ്റക്കാരെയൊക്കെ കുടിയൊഴിപ്പിക്കുമെന്ന പ്രഖ്യാപനം ഇന്ത്യൻ ടെക് കമ്പനികൾക്ക് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലും വന്നു. ഇതോടെ വിവന്നിയിൽ വിറ്റഴിക്കൽ സജീവമായി. കമ്പനികളുടെ മൂന്നാം പാദ ഫലങ്ങൾ മോശമായതും വളർച്ചാ നിരക്ക് കുറഞ്ഞതും വിദേശ നിക്ഷേപകർ ഓഹരി വിറ്റഴിക്കുന്നത് തുടരുന്നതും പ്രതിസന്ധിയിലാക്കിയ വിപണികൾക്ക് അധിക ഷോക്കായി ട്രംപിൻ്റെ നയ പ്രഖ്യാപനം . ഇതോടെ സെൻസെക്സിലുണ്ടായത് 1200 പോയിൻ്റിലേറെ ഇടിവ്. ദേശീയ ഓഹരി വിപണി ക്ലോസിണ്ടിൽ 23050 ന് താഴെയെത്തി. ക്രൂഡ് ഉത്പാദനം കൂട്ടാനുള്ള ട്രംപിൻ്റെ നീക്കം ക്രൂഡ് വില ബാരലിന് 80 ഡോളറിലേക്ക് താഴ്ത്തി. വരാനിരിക്കുന്ന ബജറ്റ് എങ്ങനെയാകുമെന്ന അനിശ്ചിതത്യവും നിക്ഷേപകരെ ജാഗ്രതയിലാക്കിയിട്ടുണ്ട്.