![](https://christianexpressnews.com/wp-content/uploads/2025/02/4-1.jpg?v=1739168331)
ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍; തന്ത്രപ്രധാന മേഖലയായ നെറ്റ്സാറിം കോറിഡോറിൽ നിന്ന് ഇസ്രാഈൽ സേനാ പിന്മാറ്റം തുടങ്ങി
മുഗഖ, ഗാസ മുനമ്പ്: ഹമാസുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഗസയിലെ തന്ത്രപ്രധാന മേഖലകളിലൊന്നായ നെറ്റ്സാറിം കോറിഡോറിൽ നിന്ന് ഇസ്രാഈൽ സൈന്യത്തെ പിൻവലിച്ച് തുടങ്ങിയതായി അറിയിച്ചു.വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ആറ് കിലോമീറ്റർ വരുന്ന നെറ്റ്സാറിം കോറിഡോറിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനാണ് കരാർ പ്രകാരമുള്ള ധാരണ. വടക്കൻ തെക്കൻ ഗസ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ പ്രദേശത്താണ് സംഘർഷകാലത്ത് ഇസ്രാഈൽ സൈന്യം താവളമടിച്ച് ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത്.
വെടിനിർത്തൽ കരാറിനെ തുടർന്ന് നെറ്റ്സാറിം കോറിഡോർ വഴി ഫലസ്‌തീനികളെ കടന്നുപോവാൻ ഇസ്രാഈൽ സൈന്യം അനുവാദം നൽകിയിരുന്നു. ഇതിന് ശേഷം യുദ്ധബാധിത മേഖലയായ വടക്കൻ ഗസയിലേക്ക് ആയിരക്കണക്കിനാളുകളാണ് കാൽനടയായും വാഹനങ്ങളിലും നെറ്റ്സാറിം കോറിഡോർ വഴി കടന്നുപോയത്. പരിശോധനകളില്ലാതെയാണ് ഇവരെ ഇതിലൂടെ കടതി വിടുന്നത്.
പ്രദേശത്ത് നിന്ന് എത്രത്തോളം സൈനികരെ പിൻവലിച്ചുവെന്ന് കൃത്യമായ റിപ്പോർട്ടില്ല. നെറ്റ്സാറിം കോറിഡോറിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നുണ്ടെങ്കിലും ഇസ്രാഈലുമായും ഈജിപ്‌തുമായുള്ള ഗസയിലെ അതിർത്തി മേഖലയിൽ ഇസ്രാഈൽ സൈന്യം തുടരുന്നുണ്ട്.
അതേസമയം ഹമാസിൻ്റെ തടവിലുള്ള കൂടുതൽ ഇസ്രാഈലി ബന്ദികളെ വിട്ടുകിട്ടുന്നതിനുള്ള വെടിനിർത്തൽ കരാറിൻ്റെ ഭാഗമായുള്ള രണ്ടാം ഘട്ട ചർച്ചകൾ പുരോഗമിച്ചു വരുകയാണ്. കരാറിൻ്റെ ഭാഗമായി ഫലസ്തീൻ തടവുകാരെ ഇസ്രാഈൽ മോചിപ്പിക്കുകയും ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്തുവരുന്നുണ്ട്. ഇതിന് പകരമായി ഇസ്രാഈലി ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഗസയിൽ നിന്ന് ഇസ്രാഈൽ സൈനികരെ പൂർണമായി പിൻവലിക്കുന്നത് ഭാവിയിൽ ചർച്ചയായേക്കും.