കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾ നടപ്പാക്കുന്നത് നീട്ടിവച്ച് ട്രംപ്

0

വാഷിങ്ടൻ: കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾ നടപ്പാക്കുന്നത് നീട്ടിവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏപ്രിൽ 2 വരെയാണ് നീട്ടിവച്ചത്. നികുതി ഏർപ്പെടുത്തിയതിനു പിന്നാലെയുണ്ടായ വിപണിമാന്ദ്യം പരിഗണിച്ചാണ് നടപടി. വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കാനാകുമെന്നാണ് പ്രതീക്ഷ. കാനഡ, മെക്സിക്കോ രാജ്യങ്ങൾക്ക് 25 ശതമാനമാണ് നികുതി ചുമത്തിയിരുന്നത്. താരിഫുകൾ യുഎസ് സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുമെന്നും പണപ്പെരുപ്പം വർധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ട്രംപിന്റെ നീക്കം.

അതേസമയം, വിപണിയിലെ ചാഞ്ചാട്ടം തന്റെ തീരുമാനത്തെ സ്വാധീനിച്ചുവെന്ന ആരോപണം ട്രംപ് തള്ളി. ‘‘കാനഡ ഉയർന്ന താരിഫ് ഉള്ള ഒരു രാജ്യമാണ്. നമ്മുടെ പാൽ ഉൽപന്നങ്ങൾക്കും മറ്റ് ഉൽപന്നങ്ങൾക്കും കാനഡ അധിക തീരുവ ഈടാക്കുന്നു. തടിക്കും വലിയ താരിഫ് ഈടാക്കുന്നുണ്ട്. ഞങ്ങൾക്ക് അവരുടെ തടി ആവശ്യമില്ല. ഞങ്ങൾക്ക് അവരേക്കാൾ കൂടുതൽ തടി ഉണ്ട്. ഞങ്ങൾക്ക് കാനഡയിൽ നിന്നുള്ള കാറുകൾ ആവശ്യമില്ല. ഞങ്ങൾക്ക് കാനഡയിൽ നിന്ന് ഊർജം ആവശ്യമില്ല. ഞങ്ങൾക്ക് കാനഡയിൽ നിന്ന് ഒന്നും ആവശ്യമില്ല. ഏപ്രിൽ രണ്ടിന് അധിക നിരക്ക് പ്രാബല്യത്തിൽ വരും.’’ – ട്രംപ് പറഞ്ഞു.

കനേഡിയൻ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ആഭ്യന്തര വിഭവ ഉപയോഗം വിപുലീകരിക്കുന്നതിലാണ് ട്രംപ് ശ്രദ്ധനൽകുന്നത്. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമുമായുള്ള ചർച്ചകൾക്ക് ശേഷം, യുഎസ്എംസിഎയുടെ പരിധിയിൽ വരുന്ന സാധനങ്ങൾക്ക് മെക്സിക്കോ തീരുവ ചുമത്തില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ യുഎസിന്റെ അധിക തീരുവ നയത്തിന് അതേഭാഷയിൽ തിരിച്ചടിക്കാനാണ് കാനഡയുടെ തീരുമാനം.

You might also like