
യുക്രെയിനിൽ ശക്തമായ മിസൈൽ ആക്രമണം
കീവ്: യുക്രെയിനിലെ സുമിയിൽ ആശുപത്രിക്കും വീടുകൾക്കും കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിനും നേരെ മിസൈൽ ആക്രമണം നടത്തി റഷ്യ. 14 കുട്ടികൾ അടക്കം 65 പേർക്ക് പരിക്കേറ്റു. യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഇന്നലെ സൗദി അറേബ്യയിലെ റിയാദിൽ യു.എസ് ഉദ്യോഗസ്ഥ സംഘം റഷ്യൻ പ്രതിനിധികളുമായി ചർച്ച തുടങ്ങിയതിന് പിന്നാലെയായിരുന്നു ആക്രമണം. ഇന്നലെ പുലർച്ചെ യുക്രെയിന് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണവുമുണ്ടായി. ഇതിനിടെ, റഷ്യയിലെ ബെൽഗൊറോഡിൽ നാല് സൈനിക ഹെലികോപ്‌റ്ററുകൾ യു.എസ് നിർമ്മിത ഹിമാർസ് മിസൈലുകൾ ഉപയോഗിച്ച് തകർത്തെന്ന് യുക്രെയിൻ സൈന്യം അവകാശപ്പെട്ടു.