ഒഡീഷയിൽ മലയാളി വൈദികനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ചു

0

ബഹ്‌റാംപൂര്‍: ബി.ജെ.പി ഭരിക്കുന്ന ഒഡീഷയില്‍ ഇക്കഴിഞ്ഞയാഴ്ച മലയാളി വൈദികനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ചു. ഒഡീഷയിലെ ബഹ്‌റാംപൂര്‍ ജില്ലയിലെ ലത്തീന്‍ കത്തോലിക്കാ ദേവാലയത്തിലെ വൈദികന്‍ ഫാദര്‍ ജോഷി ജോര്‍ജിന് നേരെ നടന്ന അതിക്രമം ഇപ്പോഴാണ് പുറത്തറിയുന്നത്.

കുറവിലങ്ങാട് തോട്ടുവ സ്വദേശിയായ ഫാദര്‍ ജോഷി, വര്‍ഷങ്ങളായി ഒഡീഷയിലെ വിവിധ ഗ്രാമങ്ങളില്‍ സേവനം ചെയ്തു വരികയാണ്. കഴിഞ്ഞ മാസം 21-ന് അര്‍ദ്ധരാത്രിയില്‍ ജൂബാ ഗ്രാമത്തിലെ കഞ്ചാവ് കൃഷിക്കാരെ പിടികൂടാനെത്തിയ പോലീസ് ഗ്രാമവാസികള്‍ക്കിടയില്‍ വ്യാപക അതിക്രമങ്ങള്‍ നടത്തി. ഗ്രാമത്തിലെ കുറെ പുരുഷമ്മാരെ പോലീസ് പിടിച്ചു കൊണ്ടുപോയെങ്കിലും നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വിട്ടയച്ചു.

പിറ്റേന്ന് ശനിയാഴ്ച ഉച്ചയോടെ ഗ്രാമത്തിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തിലെത്തിയ പോലീസ് സംഘം പള്ളിയില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളെ മര്‍ദിച്ചു. സ്ത്രീകള്‍ അടി കൊണ്ടോടിയത് കണ്ടെത്തിയ ഫാദര്‍ ജോഷി ജോര്‍ജിനേയും സഹ വികാരി ദയാനന്ദ് നായിക്കിനേയും പോലീസ് മര്‍ദിച്ചു. എന്തിനാണ് തല്ലുന്നതെന്ന് ചോദിച്ചതില്‍ പ്രകോപിതരായ പോലീസ് സംഘം പിന്നെ രണ്ടുപേരെയും റോഡിലൂടെ വലിച്ചിഴച്ചു. തലയ്ക്കും തോളെല്ലിനും സാരമായ പരിക്കേറ്റ ഫാദര്‍ ദയാനന്ദ് ബഹ്‌റാംപൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

You might also like