ബ്രിട്ടനിൽ ദേവാലയത്തിലെത്തുന്ന ചെറുപ്പക്കാരുടെ എണ്ണത്തിൽ വർധനവെന്ന് റിപ്പോർട്ട്

0

ലണ്ടന്‍: ബ്രിട്ടനിൽ ദേവാലയത്തിൽ വരുന്ന ക്രൈസ്തവരുടെ എണ്ണത്തിൽ വർധനവെന്ന് റിപ്പോർട്ട്. ബൈബിൾ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ദേവാലയത്തിലെത്തുന്ന ചെറുപ്പക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായതായി കണ്ടെത്തിയത്. കത്തോലിക്കാ, പെന്തക്കോസ്ത്, ആംഗ്ലിക്കൻ സഭകളിലാണ് ഈ വളർച്ച കാണാൻ സാധിക്കുന്നത്.

ദേവാലയ പങ്കാളിത്തത്തെക്കുറിച്ച് 13,000-ത്തിലധികം ആളുകളിൽ സർവേ നടത്തിയപ്പോള്‍ ലഭിച്ചിരിക്കുന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നത്. 2018നും 2024നും ഇടയിൽ എല്ലാ പ്രായക്കാർക്കും ഇടയിൽ ദേവാലയത്തിലെത്തുന്നവരുടെ എണ്ണം അന്‍പത് ശതമാനത്തിലേറെ വർധിച്ചുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

1997 മുതൽ 2012 വരെ ജനിച്ച തലമുറയായ ജനറേഷൻ ഇസഡ് വിഭാഗത്തില്‍ ദേവാലയ പ്രാതിനിധ്യം ഇക്കാലയളവില്‍ നാലിരട്ടിയായി വർധച്ചു. നാല് ശതമാനത്തില്‍ നിന്ന് 16 ശതമാനം ആയതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2018-ൽ സമാനമായ ഒരു സാമ്പിൾ ഗ്രൂപ്പിന്റെ പഠനവുമായി താരതമ്യം ചെയ്താണ് പുതിയ റിപ്പോര്‍ട്ട്.

ദേവാലയങ്ങളില്‍ പോകുന്നവരിൽ ഭൂരിഭാഗവും പ്രായമായവരും സ്ത്രീകളുമാണെന്നും എന്നാല്‍ എല്ലാ വംശങ്ങളിൽ നിന്നുമുള്ള ധാരാളം ചെറുപ്പക്കാരും പോകുന്നുണ്ടെന്നും ബൈബിൾ സൊസൈറ്റിയിലെ ഗവേഷണ ഡയറക്ടർ ഡോ. റിയാനൻ മക്അലീർ പറഞ്ഞു. കഴിഞ്ഞ കാല കണക്കുകൾ സൂചിപ്പിച്ചിരുന്നത് ദേവാലയങ്ങളില്‍ പോകുന്നവരില്‍ ഏറെയും 65 വയസിന് മുകളിലുള്ളവരായിരിന്നെന്നായിരുന്നു. എന്നാല്‍ യുവജനങ്ങളുടെ പ്രാതിനിധ്യം ഏറിവരുന്നതായി പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ സഭ ശേഖരിച്ച കണക്കുകൾ പ്രകാരം കൊറോണക്ക് ശേഷം ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വർധനവ് കാണിക്കുന്നുണ്ട്. 2021-ൽ 390,000 ആയിരുന്നത് 2023-ൽ 555,000 ആയി ഉയർന്നു.

അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ബ്രിട്ടനിൽ‌ വിവേചനങ്ങൾ അനുഭവിക്കുന്ന ക്രൈസ്തവരുടെ എണ്ണം വർധിക്കുന്നതായി കണ്ടെത്തിയിരുന്നു. ക്രിസ്ത്യൻ ഗ്രൂപ്പായ ‘വോയ്‌സ് ഫോർ ജസ്റ്റിസ് യു.കെ’ നടത്തിയ പഠന റിപ്പോർട്ടിലാണ് പുതിയ കണ്ടെത്തൽ. 1562 പേരുടെ ഇടയിൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് സംഘടന തയ്യാറാക്കിയത്

You might also like