
പകരച്ചുങ്കം പ്രഖ്യാപനത്തിനു ശേഷം ചൈനീസ് ഉൽപന്നങ്ങൾക്കു യുഎസ് 245 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നുണ്ടെന്ന് വൈറ്റ് ഹൗസ്
വാഷിങ്ടൻ : പകരച്ചുങ്കം പ്രഖ്യാപനത്തിനു ശേഷം ചൈനീസ് ഉൽപന്നങ്ങൾക്കു യുഎസ് 245 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നുണ്ടെന്ന് വൈറ്റ് ഹൗസ്. നേരത്തെ 145 ശതമാനം തീരുവ ചുമത്തിയിരുന്ന സ്ഥാനത്തു നിന്നാണ് ഇത്രയും വലിയ വർധന. ഒറ്റയടിക്ക് തീരുവയിൽ സംഭവിച്ച 100 ശതമാനം വർധനവ് രാജ്യാന്തര വ്യാപാര മേഖലയിൽ വലിയ ആശയക്കുഴപ്പങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ.
അതേസമയം, വ്യാപാരയുദ്ധത്തിനിടെയുള്ള സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ചൈനയുടെ സമ്പദ്‌വ്യവസ്ഥ 5.4 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രവചനം. വ്യാവസായിക ഉൽപാദനം 6.5 ശതമാനവും ചില്ലറ വിൽപന 4.6 ശതമാനവും വാർഷികാടിസ്ഥാനത്തിൽ വർധിക്കുമെന്നും സാമ്പത്തിക മേഖലയിലുള്ളവർ വിലയിരുത്തുന്നു. തീരുവ പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കാൻ യുഎസ് ആഗ്രഹിക്കുന്നെങ്കിൽ, ‘ട്രംപിന്റെ ഭീഷണി മുഴക്കൽ’ നിർത്തണമെന്നാണ് ചൈനയുടെ നിലപാട്.
യുഎസ്-ചൈന വ്യാപാരയുദ്ധം ലോകത്ത് ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) മുന്നറിയിപ്പ്. 2025ൽ ലോക ചരക്ക് വ്യാപാരം 0.2 ശതമാനം കുറയുമെന്നാണ് സൂചന. യുഎസിന്റെ വ്യാപാര യുദ്ധം ചൈനയെ ഇന്ത്യയോടും യൂറോപ്യൻ യൂണിയനോടും കൂടുതൽ അടുപ്പിച്ചെന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ മാസം ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയും ചൈനയും ഒരുമിച്ചുനിന്നു വ്യാപാരയുദ്ധത്തെ നേരിടണമെന്നും അധികാര രാഷ്ട്രീയത്തെ എതിർക്കുന്നതിൽ ഒരുമിച്ച് നിൽക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു.