അർജന്റീനയിൽ വൻ ഭൂചലനം, റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി

0

ബ്യൂണസ് അയേഴ്‌സ്: തെക്കേ അമേരിക്കൻ രാജ്യമായ അർജന്റീനയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. അർജന്റീനയ്ക്ക് പുറമേ ചിലിയുടെ തെക്കൻ തീരങ്ങളിലും അതിശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച്ച പ്രാദേശിക സമയം രാവിലെ 9.58 നാണ് ഭൂകമ്പം ഉണ്ടായത്. അർജന്റീനയിലെ ഉഷുവയയിൽ നിന്ന് 219 കിലോമീറ്റർ അകലെയുള്ള ഡ്രേക്ക് പാസേജ് എന്നറിയപ്പെടുന്ന സമുദ്ര മേഖലയിലാണ് ഭൂകമ്പമുണ്ടായത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിൽ സമുദ്രത്തിന് അടിയിലാണ് ഭൂകമ്പമുണ്ടായത്. രണ്ട് തുടർ ചലനങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭൂകമ്പത്തെ തുടർന്ന് ചിലിയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച വിവരങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അർജന്റീനയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം, ചിലിയുടെ തെക്കേ അറ്റത്തുള്ള മഗല്ലൻ തീരദേശ മേഖലയിൽ താമസിക്കുന്ന മുഴുവൻ ആളുകളോടും ഒഴിഞ്ഞുപോകാൻ അധികൃതർ അറിയിച്ചിട്ടുണ്ട്. തെക്കേ അമേരിക്കയിലെ കേപ് ഹോണിനും അന്റാർട്ടിക്കയ്ക്കും ഇടയിലുള്ള സമുദ്ര മേഖലയാണ് ഡ്രേക്ക് പാസേജ്.

You might also like