മഹാരാഷ്ട്രയില്‍ നേരിയ ആശ്വാസം: കൊവിഡ് മരണങ്ങള്‍ കുറയുന്നു
മഹാരാഷ്ട്രയില്‍ 48,401 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 572 മരണങ്ങള്‍ സംസ്ഥാനത്ത് രേഖപ്പെടുത്തി. മരണസംഖ്യ 75,849 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണം 51,01,737 ആയി.
കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകളില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയ ടെസ്റ്റുകളുടെ കുറവാണ് പുതിയ കേസുകള്‍ കുറയാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ശനിയാഴ്ച നടത്തിയ 2,60,751 കൊവിഡ് ടെസ്റ്റുകളെ അപേക്ഷിച്ച് ഇന്ന് 2,47,466 സാമ്ബിളുകള്‍ മാത്രമാണ് പരിശോധിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തിനടുത്ത് റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധനയും സംസ്ഥാനത്തിന് ഏറെ ആശ്വാസം പകരുന്നു.
ഇന്ന് 60,226 പേര്‍ക്ക് രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തു, 44,07,818 കൊവിഡ് രോഗികള്‍ ഇതുവരെ പൂര്‍ണമായി സുഖം പ്രാപിച്ചു. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 86.4% ആണ്.
മുംബൈയിലെ കൊവിഡ് കേസുകളുടെ എണ്ണത്തിലും കുറവുണ്ട്. ഞായറാഴ്ച 2,403 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 68 മരണങ്ങള്‍ രേഖപ്പെടുത്തിയതോടെ മരണസംഖ്യ 13,817 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്തിന്റെ സാമ്ബത്തിക തലസ്ഥാനത്തെ ഏക ദിന കണക്കുകള്‍ മൂവായിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
3,375 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. നഗരത്തില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 6,13,418 ആയി. ഇത് മൊത്തം കണക്കുകളുടെ 91 ശതമാനമാണ്.