ഒഡീഷയില്‍ കര്‍മലീത്താ സഭാ വൈദികര്‍ക്ക്‌ നേരേ നടന്നത്‌ ക്രൂരമര്‍ദനം

0

കര്‍മ്മലീത്ത സഭ മഞ്ഞുമ്മല്‍ പ്രോവിന്‍സിലെ രണ്ടു വൈദികര്‍ക്കുനേരേ ഒഡീഷയില്‍ നടന്നത്‌ ക്രൂരമര്‍ദനം. ഫാ. ലീനസ്‌ പുത്തന്‍വീട്ടില്‍ (90), ഫാ. സില്‍വിന്‍ കളത്തില്‍ (43) എന്നിവര്‍ക്കാണു കഴിഞ്ഞ 23 ന്‌ മര്‍ദനമേറ്റത്‌. ഇവരിപ്പോള്‍ മഞ്ഞുമ്മല്‍ സെന്റ്‌ ജോസഫ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

ഒഡീഷയിലെ സംബല്‍പൂര്‍ ജില്ലയിലുള്ള കുച്ചിന്‍ഡയിലാണു വൈദികര്‍ സേവനമനുഷ്‌ഠിക്കുന്നത്‌. സെന്റ്‌ തോമസ്‌ സ്‌കുളിനു സമീപം ചര്‍വാട്ടി ഗോത്രവര്‍ഗ ഗ്രാമത്തിലെ ആശ്രമ സുപ്പീരിയറാണു മര്‍ദനമേറ്റ ഫാ. സില്‍വിന്‍. 23 നു പുലര്‍ച്ചെ ആശ്രമത്തിലെ വളര്‍ത്തുനായുടെ കുരകേട്ട്‌ പുറത്തിറങ്ങിയപ്പോള്‍ കാറിനു സമീപം പതുങ്ങിനിന്നിരുന്ന രണ്ടുപേര്‍ കഴുത്തില്‍ കത്തിവച്ചശേഷം കൈകള്‍ പിന്നിലാക്കി ബന്ധിച്ച്‌ നടത്തിക്കൊണ്ടു പോകുകയും അതിനിടെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഒരാള്‍ പാരകൊണ്ട്‌ അടിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞെങ്കിലും അടി ഷോള്‍ഡറില്‍ കൊണ്ടു. തുടര്‍ന്ന്‌ വരാന്തകളിലൂടെ വലിച്ചിഴയ്‌ക്കപ്പെട്ടു. ഉറക്കെ കരഞ്ഞപ്പോള്‍ വായില്‍ തുണിതിരുകി. തുടര്‍ന്ന്‌ കൈകാലുകള്‍ കെട്ടിയിട്ടു കമഴ്‌ത്തിക്കിടത്തി കമ്പികൊണ്ടും മരക്കഷണങ്ങള്‍ കൊണ്ടും ദേഹമാസകലം ക്രൂരമായി മര്‍ദ്ദിച്ചതായി സുപ്പീരിയര്‍ പറഞ്ഞു. ഓരോ മര്‍ദനം കഴിയുമ്പോഴും വായില്‍നിന്ന്‌ തുണി മാറ്റിയശേഷം പണം വച്ചിരിക്കുന്ന സ്‌ഥലം ചോദിച്ചിരുന്നു. ചെക്കും എ.ടി.എം കാര്‍ഡും നല്‍കിയെങ്കിലും അതു സ്വീകരിച്ചില്ല. പിന്നീട്‌ ആശ്രമത്തിലെ അലമാര കുത്തിത്തുറന്ന്‌ രണ്ടുലക്ഷത്തോളം രൂപയോളം ആക്രമികള്‍ കവര്‍ന്നു. 90 വയസുള്ള ലീനസ്‌ പുത്തന്‍വീട്ടിലിന്റ കാലുകള്‍ക്ക്‌ ഗുരുതരമായ പരുക്കേറ്റു. ഒരു മണിക്കൂര്‍ കഷ്‌ടപ്പെട്ടാണു കൈകാലുകള്‍ സ്വതന്ത്രമാക്കിയതെന്ന്‌ അദ്ദേഹം പറഞ്ഞു. അടിയേറ്റ ഫാ. സില്‍വിന്റെ ശരീരഭാഗം രക്‌തയോട്ടം നിലച്ച നിലയിലായിരുന്നു. മഞ്ഞുമ്മല്‍ പ്രവിന്‍ഷ്യാള്‍ ഡോ. അഗസ്‌റ്റിന്‍ മുല്ലൂര്‍ ഇടപെട്ടാണ്‌ വൈദികനെ വിമാനത്തില്‍ നാട്ടിലെത്തിച്ചത്‌. ഈ സമയം ഇവര്‍ വില്‍ചെയറിലായിരുന്നു.

ഫാ. ലീനസ്‌ പുത്തന്‍വീട്ടില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മഞ്ഞുമ്മല്‍ പ്രോവിന്‍ഷ്യളായി സേവനം ചെയ്‌തിട്ടുണ്ട്‌. 75-ാം വയസില്‍ വിരമിച്ചശേഷം മിഷന്‍ പ്രവര്‍ത്തനം നടത്തി വരികയാണ്‌. ഒഡീഷയിലെ ഗോത്രവര്‍ഗ ആശ്രമത്തില്‍ 25 വിദ്യാര്‍ഥികളും നാലു വൈദികരും പാചകക്കാരിയുമാണുള്ളത്‌. സംഭവസമയത്ത്‌ മറ്റു രണ്ടു വൈദികര്‍ സ്‌ഥലത്തുണ്ടായിരുന്നില്ല. അവധിയായതിനാല്‍ വിദ്യാര്‍ഥികളും ഉണ്ടായിരുന്നില്ല.

പോലീസില്‍ പരാതി നല്‍കിയെങ്കിലും സംഭവത്തെക്കുറിച്ച്‌ അന്വേഷണമുണ്ടായില്ലെന്ന്‌ മര്‍ദനമേറ്റ വൈദികര്‍ പറഞ്ഞു. കേരളത്തിലേക്കു സ്‌ഥലം വിട്ടില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നു പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഒറീസ മെത്രാന്‍സമിതി ഏല്‍പ്പിച്ച പുതിയ ചുമതല ഏറ്റെടുക്കാന്‍ ജൂണ്‍ ഏഴിനു പോകുമെന്ന്‌ ഫാ. ലീനസ്‌ പുത്തന്‍വീട്ടില്‍ പറഞ്ഞു. വൈദികര്‍ക്കു നേരേയുണ്ടായ ആക്രമണത്തിന്‌ ഉത്തരവാദികളായവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യമായി വിവിധ ക്രൈസ്‌തവ സഭാ സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്‌.

You might also like