
ചൈനയോട് ഗുഡ്ബൈ പറയാന്‍ മൈക്രോസോഫ്റ്റ്; വെല്ലുവിളിയായി ഉപരോധവും തദേശീയ സോഫ്റ്റ്‌വെയറുകളും
ബീജിങ്: ഒരു കാലത്ത് ഗൂഗിള്‍ ചൈന വിട്ടപ്പോള്‍ അതിനെ വിമര്‍ശിച്ച മൈക്രോസോഫ്റ്റ്, ഇന്ന് അതേ ചൈനീസ് വിപണിയില്‍ നിന്ന് നിശബ്ദമായി പിന്‍വാങ്ങലിന്റെ വക്കില്‍. ശക്തമായ ഭൗമരാഷ്ട്രീയ തര്‍ക്കങ്ങളും തദ്ദേശീയ സോഫ്റ്റ്‌വെയറുകളുടെ കടന്നുവരവും കാരണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 15 ബ്രാഞ്ച് ഓഫീസുകളാണ് കമ്പനിക്ക് ചൈനയില്‍ പൂട്ടേണ്ടി വന്നത്. മൈക്രോസോഫ്റ്റിന്റെ ആഗോള വരുമാനത്തിന്റെ വെറും 1.5 ശതമാനം മാത്രമാണ് ചൈനയില്‍ നിന്ന് ലഭിക്കുന്നത് എന്നതിനാല്‍, കടുകട്ടി നിയന്ത്രണങ്ങള്‍ നേരിട്ട് അവിടെ തുടരുന്നത് വന്‍ നഷ്ടമാണെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
യു.എസ്-ചൈന നയതന്ത്ര ബന്ധത്തിലെ വിള്ളലുകളാണ് കമ്പനിക്ക് തിരിച്ചടിയായത്. വിന്‍ഡോസിനും ഓഫീസിനും പകരം തദ്ദേശീയ സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കാന്‍ ചൈനീസ് ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കിയതോടെ മൈക്രോസോഫ്റ്റ് ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഒറ്റപ്പെട്ടു. ഒപ്പം സാങ്കേതികവിദ്യാ കയറ്റുമതിയില്‍ യു.എസ് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ കാരണം ചൈനയിലെ മികച്ച എഞ്ചിനീയര്‍മാരെ ഉപയോഗിച്ച് മുന്‍നിര എഐ, ക്ലൗഡ് ഗവേഷണങ്ങള്‍ നടത്താനും കമ്പനിക്ക് സാധിക്കുന്നില്ല. ഇതിനെത്തുടര്‍ന്ന് തങ്ങളുടെ ഗവേഷണ കേന്ദ്രങ്ങള്‍ സിംഗപ്പൂര്‍, ടോക്യോ, വാങ്കൂവര്‍ എന്നിവിടങ്ങളിലേക്ക് മാറ്റാനും ചൈനീസ് വിദഗ്ധരെ വിദേശത്തേക്ക് റീലൊക്കേറ്റ് ചെയ്യാനും കമ്പനി നിര്‍ബന്ധിതരായി
