
ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം: അഞ്ച് മരണം; നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നു
ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്ളോറസ് ദ്വീപിലുണ്ടായ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കുറഞ്ഞത് അഞ്ച് പേരെങ്കിലും മരിച്ചെന്നാണ് പ്രഥമിക വിവരം. ഇന്തോനേഷ്യന്‍ സമയം ശനിയാഴ്ച രാവിലെ 5:58 നാണ് (ഇന്ത്യന്‍ സമയം രാവിലെ 03:28) നാടിനെ നടുക്കിയ ഭൂചലനം അനുഭവപ്പെട്ടത്.
തീരദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകളെ അധികൃതര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഫ്ളോറസ് ദ്വീപിന്റെ വടക്കന്‍ തീരമാണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ആദ്യം 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടാകുകയും പിന്നാലെ അതിനേക്കാള്‍ ശക്തമായ തുടര്‍ച്ചയായ ചലനങ്ങള്‍ അനുഭവപ്പെടുകയുമായിരുന്നു. ജനങ്ങള്‍ ഉറക്കത്തിലായിരുന്ന സമയത്തുണ്ടായ ദുരന്തം പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തി.
നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കനത്ത കേടുപാടുകള്‍ സംഭവിച്ചു. ചില കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. സമുദ്രത്തില്‍ മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ സമിതി നല്‍കുന്ന മുന്നറിയിപ്പ്.
