കേരള രാഷ്ട്രീയത്തിലെ ഇതിഹാസം കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു.

0

തിരുവനന്തപുരം | കേരള രാഷ്ട്രീയത്തിലെ ഇതിഹാസം കെ ആര്‍ ഗൗരിയമ്മ (101) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളിലായി നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഗൗരിയമ്മയെ രാവിലെ ഏഴ് മണിയോടെയാണ് അന്തരിച്ചത്. സ്വാതന്ത്ര്യകാലത്തെ കേരള സംസ്ഥാനത്തിന്റെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തിനുമേല്‍ നിര്‍ണായക അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു ഗൗരിയമ്മ.

സംസ്ഥാന രൂപവത്ക്കരണശേഷം അധികാരത്തില്‍ വന്ന 1957ലെ ഇ എം എസ് സര്‍ക്കാറില്‍ അംഗമായിരുന്ന ഗൗരിയമ്മ. കേരളത്തിന്റെ ഭാവിനിര്‍ണയത്തില്‍ നിര്‍ണായമായ ഭൂപരിഷ്‌കരണ ബില്‍ അവതരിപ്പിച്ചത് കെ ആര്‍ ഗൗരിയമ്മയായിരുന്നു. അതുപോലെ കുടിഒഴിപ്പിക്കല്‍ നിരോധന നിയമവും ഒന്നാം മന്ത്രിസഭയില്‍ ഗൗരിയമ്മയുടെ കൈയൊപ്പ് പതിഞ്ഞ നിര്‍ണായക നിയമമായിരുന്നു. കേരള രാഷ്ട്രീയത്തിലെ പെണ്‍സിംഹം നിരവധി തവണ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ കാലം മന്ത്രിസഭയില്‍ അംഗമായിരുന്ന വനിതയാണ് ഗൗരിയമ്മ. 1948 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു. പുന്നപ്ര വയലാറിന്റെ വിപ്ലവ മണ്ണില്‍ നിന്നും ചെങ്കൊടി പിടിച്ച്‌, കേരള രാഷ്ട്രീയത്തിന്റെ അധികാരത്തിലേക്ക് നടന്നു കയറുകയി ഗൗരിയമ്മയെ പോലെ കരുത്തയായ ഒരു വനിത കേരള രാഷ്ട്രീയത്തില്‍ പിന്നീട് ഉണ്ടായിട്ടില്ല.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവന രംഗത്തേക്ക് ഇറങ്ങിയ കെആര്‍ ഗൗരിയമ്മയെ മാറ്റിനിര്‍ത്തിയാല്‍ അപൂര്‍ണ്ണമാണ് കേരള രാഷ്ട്രീയ ചരിത്രം. അമ്ബതുകളുടെ അവസാനം തുടങ്ങി പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തില്‍ ജ്വലിച്ച്‌ നിന്ന വിപ്ലവ നക്ഷത്രമായിരുന്നു കെ ആര്‍ ഗൗരി. പോരാളിയെന്ന വിളിപ്പേരിനെ അക്ഷരാര്‍ഥത്തില്‍ അന്വര്‍ത്ഥമാക്കിയ ജീവിതം. സ്ത്രീകള്‍ക്ക് പ്രാമുഖ്യമില്ലാതിരുന്ന കാലത്താണ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയും കര്‍ഷക പ്രസ്ഥാനങ്ങളിലൂടെയും കെ ആര്‍ ഗൗരിയമ്മ കേരള രാഷ്ട്രീയത്തില്‍ ഇടം ഉറപ്പിക്കുന്നത്.

തിരുക്കൊച്ചി നിയമസഭയിലേക്ക് രണ്ട് തവണ ജനവിധി നേടിയ ഗൗരിയമ്മ 1957ലെ ഇ എം എസ് മന്ത്രിസഭയിലെ ഏറ്റവും ശ്രദ്ധേയ വ്യക്തിത്വമായിരുന്നു. ഭൂപരിഷ്‌കരണ നിയമത്തിനും കുടിഒഴിപ്പിക്കല്‍ നിയമത്തിനും പുറമെ വനിതാ കമ്മീഷന്‍ നിയമം, അഴിമതി നിരോധന നിയമം തുടങ്ങി നിയമങ്ങളെല്ലാം പാസാക്കിയത് ഗൗരിയമ്മയാണ്.

1919 ജൂലൈ 14-ന് ആലപ്പുഴയിലെ ചേര്‍ത്തലയിലായിരുന്നു ഗൗരിയമ്മയുടെ ജനനം. എറണാകുളം മഹാരാജാസ് കോളജിലും ലോ കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. നിയമബിരുദം നേടിയ ശേഷം അഭിഭാഷക ജീവിതം തുടങ്ങും മുന്‍പായിരുന്നു ഗൗരിയമ്മയുടെ രാഷ്ട്രീയപ്രവേശം. വിദ്യാര്‍ഥിയായിരിക്കുമ്ബോള്‍ തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഗൗരിയമ്മ 1946-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1957-ലെ ആദ്യ കേരള മന്ത്രിസഭയില്‍ അംഗമായിരുന്ന ഗൗരിയമ്മ. റവന്യൂ, എക്‌സൈസ് വകുപ്പുകളുടെ ചുമതലയാണ് അന്ന് വഹിച്ചിരുന്നത്. പിന്നീട് വിവിധ സര്‍ക്കാറുകളിലായി അവര്‍ അഞ്ച് തവണ മന്ത്രിയായി. കൃഷി, സാമൂഹ്യക്ഷേമം, വ്യവസായം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ആകെ 11 തവണ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1957-ല്‍ ഇതേ മന്ത്രിസഭയില്‍ അംഗമായിരുന്ന ടി വി തോമസിനെ ഗൗരിയമ്മ വിവാഹം ചെയ്തു. പാര്‍ട്ടി മുന്‍കൈയ്യെടുത്ത നടത്തിയ വിവാഹമായിരുന്നു ഇത്. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പി എമ്മിനൊപ്പം ഗൗരിയമ്മ ഉറച്ചു നിന്നു. എന്നാല്‍ ടി വി തോമസ് സി പി ഐക്കൊപ്പമായിരുന്നു. രാഷ്ട്രീയയാത്രയിലുണ്ടായ ഈ വഴിമാറ്റം അവരുടെ ദാമ്ബത്യജീവിതത്തേയും വലിയ രീതിയില്‍ ബാധിച്ചു. ഇടക്കാലത്ത് സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടു നിന്ന ഗൗരിയമ്മ പൂര്‍ണമായും കുടുംബജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും രണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കിടയിലെ പോരില്‍ ആ ദാമ്ബത്യം ഞെരിഞ്ഞമര്‍ന്നു.

1987ല്‍ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഗൗരിയമ്മ പക്ഷേ 1994 ല്‍ സി പി എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടു. അതേ വര്‍ഷം അവര്‍ ജെ എസ് എസ് എന്ന പാര്‍ട്ടി രൂപീകരിച്ചു. 2019 വരെ ജെ എസ് എസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു ഗൗരിയമ്മ. സി പി എമ്മില്‍ നിന്നും പുറത്താക്കപ്പെട്ട 1994 മുതല്‍ 2016 വരെ യു ഡി എഫിനൊപ്പം നിന്ന ഗൗരിയമ്മയെ പിന്നീട് ക്ഷണിതാവ് സ്ഥാനം നല്‍കി സി പി എം എല്‍ ഡി എഫിലേക്ക് കൊണ്ടുവന്നിരുന്നു.

You might also like