
ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് റാങ്കിങ് പട്ടിക പുറത്ത്; 8 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ
ന്യൂഡല്‍ഹി: മിഡ്ഇയര്‍ പാസ്‌പോര്‍ട്ട് റാങ്കിംഗ് പട്ടിക ( Henley Passport Index’s mid-year 2025 report) പുറത്തിറങ്ങി. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി സിംഗപ്പൂര്‍ കിരീടം നിലനിര്‍ത്തിയപ്പോള്‍, 8 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യയുടെ പാസ്‌പോര്‍ട്ട്. ഏറ്റവും പുതിയ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക പ്രകാരം ആഗോളതലത്തില്‍ 227 ലക്ഷ്യസ്ഥാനങ്ങളില്‍ 193 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനം സിംഗപ്പൂരിന്റെ പാസ്‌പോര്‍ട്ട് അനുവദിക്കുന്നു. ജപ്പാനും ദക്ഷിണ കൊറിയയും രണ്ടാമത്തെ സ്ഥാനം പങ്കിട്ടു. രണ്ട് രാജ്യങ്ങളും അവരുടെ പൗരന്മാര്‍ക്ക് 190 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനം നല്‍കുന്നു. മുന്‍കൂര്‍ വിസ ആവശ്യമില്ലാതെ ഉടമകള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ലോകത്തിലെ എല്ലാ പാസ്‌പോര്‍ട്ടുകളുടെയും യഥാര്‍ത്ഥവും ആധികാരികവുമായ റാങ്കിംഗായി ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക കണക്കാക്കപ്പെടുന്നു.
മുന്‍കൂര്‍ വിസയില്ലാതെ പ്രവേശനം അനുവദിക്കുന്ന ദേശീയതകളുടെ എണ്ണം അനുസരിച്ച് ലോകമെമ്പാടുമുള്ള 199 രാജ്യങ്ങളെയും റാങ്ക് ചെയ്യുന്ന ഹെന്‍ലി ഓപ്പണ്‍നെസ് ഇന്‍ഡക്‌സ് അനുസരിച്ച്, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, അയര്‍ലന്‍ഡ്, ഇറ്റലി, സ്‌പെയിന്‍ എന്നീ ഏഴ് യൂറോപ്യന്‍ യൂണിയന്‍ പാസ്‌പോര്‍ട്ടുകള്‍ മൂന്നാം സ്ഥാനം പങ്കിടുന്നു. ഈ രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്ക് 189 രാജ്യങ്ങളിലേക്ക് വിസാരഹിത പ്രവേശനമുണ്ട്. 188 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ള ഓസ്ട്രിയ, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്‌സ്, നോര്‍വേ, പോര്‍ച്ചുഗല്‍, സ്വീഡന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്തമായി നാലാമതെത്തി. ന്യൂസിലന്‍ഡ്, ഗ്രീസ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയാണ് അഞ്ചാം സ്ഥാനത്ത്.
