
സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ ശക്തമാകാൻ സാധ്യത.
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ ശക്തമാകാൻ സാധ്യത. തെക്കൻ ഒഡീഷയ്ക്ക് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി പുതിയ ന്യൂനമർദമായി മാറുമെന്നാണ് വിലയിരുത്തൽ. ഇത് കണക്കിലെടുത്ത് കേരളത്തിൽ അടുത്ത അഞ്ച് ദിവസവും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്.
ഇന്നും നാളെയും പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പിന്നീട് ന്യൂനമർദം രൂപപ്പെടുന്നതോടെ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
