അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യ-ചൈന വിമാന സര്‍വീസ് പുനരാരംഭിച്ചു

0

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചു. കൊല്‍ക്കത്ത-ഗ്വാങ്ചൗ ഇന്‍ഡിഗോ വിമാനം ഞായറാഴ്ച രാത്രി 10:07 നാണ് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് യാത്ര തിരിച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ 4:05 ന് വിമാനം ഗ്വാങ്ചൗവിലെത്തും.

ഷാങ്ഹായ്-ന്യൂഡല്‍ഹി വിമാനം നവംബര്‍ ഒന്‍പത് മുതല്‍ സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ മൂന്ന് വിമാനങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിങ് ഇക്കാര്യം സ്ഥിരീകരിച്ചു. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു എന്ന് യു ജിങ് എക്‌സില്‍ കുറിച്ചു.

2020 ലെ ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്ന ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്‍ഡിഗോയും സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കോവിഡിനെ തുടര്‍ന്ന് താല്‍കാലികമായി നിര്‍ത്തിവച്ച സര്‍വീസുകള്‍ പുനരാരംഭിക്കുന്ന ആദ്യ എയര്‍ലൈനുകളില്‍ ഒന്നായിരിക്കുമെന്ന് ഇന്‍ഡിഗോ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. 2025 ഒക്ടോബര്‍ 26 മുതല്‍ എയര്‍ബസ് എ 320 നിയോ വിമാനങ്ങള്‍ കൊല്‍ക്കത്തയ്ക്കും ഗ്വാങ്ചൗവിനും ഇടയില്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചത്

You might also like