ന്യൂസിലൻഡിൽ 459 ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കി

0

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ 459 ഇന്ത്യൻ വംശജരായ കൊമേഴ്‌സ്യൽ ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസുകൾ ന്യൂസിലൻഡ് ട്രാൻസ്പോർട്ട് ഏജൻസി(എൻ.സെഡ്.ടി.എ) റദ്ദാക്കി. വിദേശ ലൈസൻസുകൾ ന്യൂസിലൻഡിലെ ലൈസൻസുകളാക്കി മാറ്റുന്നതിനായി സമർപ്പിച്ച രേഖകളിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കർശന നടപടി.

ലൈസൻസ് റദ്ദാക്കപ്പെട്ട മുഴുവൻ ഡ്രൈവർമാരും ഇന്ത്യൻ വംശജരാണെന്ന് ഔദ്യോഗിക വിവരങ്ങൾ സ്ഥിരീകരിക്കുന്നു. റദ്ദാക്കലുകളിൽ 436 കേസുകൾക്കും യുഎഇയിൽ നിന്ന് ലഭിച്ച രേഖകളുമായി ബന്ധമുണ്ട്. വിദേശത്തെ ഡ്രൈവിങ് പരിചയം തെളിയിക്കുന്നതിനായി നൽകിയ രേഖകളിൽ തെറ്റായതോ മാറ്റം വരുത്തിയതോ ആയ വിവരങ്ങൾ ഉൾപ്പെട്ടതാണ് ലൈസൻസ് നഷ്ടപ്പെടാൻ കാരണം.

കൂട്ടത്തോടെ ലൈസൻസുകൾ റദ്ദാക്കിയതോടെ നൂറുകണക്കിന് ഇന്ത്യൻ കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജോലി നഷ്ടപ്പെട്ടതോടെ വാടക നൽകാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് ഡ്രൈവർമാർ പറയുന്നു. തങ്ങൾ തട്ടിപ്പിന് ഇരയാവുകയായിരുന്നുവെന്നും തങ്ങളുടെ കുട്ടികൾക്ക് പോലും ശിക്ഷ ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ചൂണ്ടിക്കാട്ടി ഡ്രൈവർമാർ ഓക്ക്‌ലൻഡിൽ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു

You might also like