കന്യാകുമാരിയില്‍ വിനോദസഞ്ചാരത്തിനായെത്തി കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0

തിരുവനന്തപുരം: കന്യാകുമാരിയില്‍ വിനോദസഞ്ചാരത്തിനായെത്തി കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കിടങ്ങൂരിലെ ഫിലിപ്പ്-മേരി ദമ്പതിമാരുടെ മക്കളായ ആനി ഫിലിപ്(35) മീര ഫിലിപ്(32) എന്നിവരെയാണ് വ്യാഴാഴ്ച കടലില്‍ കണ്ടെത്തിയത്.

കാണാതായ സഹോദരിമാര്‍ക്കായി കന്യാകുമാരി പൊലീസ് വ്യാപക തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

വിദേശത്ത് ജോലി ചെയ്യുന്ന ആനി ഫിലിപ്പും മീര ഫിലിപ്പും വിനോദസഞ്ചാരത്തിനായാണ് കന്യാകുമാരിയിലെത്തിയത്. അവധിക്കാലത്ത് നാട്ടിലെത്തി ഒരുമിച്ച് യാത്രപോകുന്നത് പതിവാണ്. ഇത്തവണ മധുര, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ഇരുവരും കന്യാകുമാരിയിലെത്തിയത്. എന്നാല്‍ ഏപ്രില്‍ 26 മുതല്‍ ഇരുവരെയും കാണാതാവുകയായിരുന്നു.

കന്യാകുമാരിയിലെ ഒരു ലോഡ്ജിലാണ് ഇരുവരും താമസിച്ചിരുന്നത്. മുറിയില്‍ നിന്ന് പുറത്തുപോയ ഇരുവരും തിരിച്ചെത്താത്തതിനാല്‍ ലോഡ്ജ് ജീവനക്കാര്‍ ഇവര്‍ നല്‍കിയ നമ്പറില്‍ വിളിച്ച് മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ കന്യാകുമാരി പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികള്‍ കടല്‍ഭിത്തികള്‍ക്കിടയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശാരിപ്പള്ളം ആശുപത്രിയിലേക്ക് മാറ്റി.

ആനി ഫിലിപ്പ് വിദേശത്ത് എക്സറേ ടെക്നീഷ്യനാണ്. മീര ഫിലിപ് എന്‍ജിനീയറും. ലണ്ടനില്‍ താമസക്കാരിയായ എലിസബത്ത് ഫിലിപ് സഹോദരിയാണ്.

You might also like