
പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന തൃശൂര്‍ കടമ്പോട് വീട്ടില്‍ അനോഷ് പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടു
തൃശൂര്‍: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന തൃശൂര്‍ കടമ്പോട് വീട്ടില്‍ അനോഷ് പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. ഏപ്രില്‍ 18 നാണ് അനോഷിനും സഹോദരന്‍ ആന്‍ജോയ്ക്കും ഉറക്കത്തിനിടെ പാമ്പുകടിയേറ്റത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടി ഇപ്പോള്‍ പരസഹായമില്ലാതെ ഭക്ഷണം കഴിക്കാനും നടക്കാനും തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കടുത്ത മെസി അരാധകനായ അനോഷിന് അര്‍ജന്റീനയുടെ ജേഴ്‌സിയും ഫുട്‌ബോളും സമ്മാനമായി നല്‍കിയാണ് ആശുപത്രി ജീവനക്കാര്‍ യാത്രയയപ്പ് നല്‍കിയത്. ‘പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി’ എന്ന് അനോഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അനോഷിന്റെ ശ്വാസനാളത്തിന് ഗുരുതര പരിക്കേറ്റിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ ശ്വാസതടസം അമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പൂര്‍ണമായും മാറി. അനോഷിന്റെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിരുന്നു. തങ്ങളെ സഹായിച്ച സര്‍ക്കാരിനും ഡോക്ടര്‍മാര്‍ക്കും അനോഷിന്റെ പിതാവ് നന്ദി രേഖപ്പെടുത്തി.
ഏപ്രില്‍ 18 ന് രാത്രി സഹോദരന്‍ ആല്‍ജോയ്ക്കൊപ്പം (8) വീടിന്റെ ഹാളില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അനോഷിന് പാമ്പുകടിയേറ്റത്. പാമ്പുകടിയേറ്റ ആല്‍ജോ മരണപ്പെട്ടിരുന്നു. അനോഷിന്റെ കൈവെള്ളയിലാണ് പാമ്പുകടിയേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കുട്ടികള്‍ക്ക് വയറുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടെങ്കിലും, തലേദിവസത്തെ ഭക്ഷണത്തിന്റെ പ്രശ്‌നമാകാം എന്ന് കരുതി വീട്ടുകാര്‍ ഉലുവ വെള്ളം നല്‍കി വീണ്ടും ഉറക്കിയിരുന്നു. എന്നാല്‍ രാവിലെ കുട്ടികളുടെ നില വഷളാവുകയും വായില്‍ നിന്ന് പത വരികയും ചെയ്തതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ആല്‍ജോയുടെ ചുണ്ടിലും അനോഷിന്റെ കൈവെള്ളയിലും പാമ്പുകടിയേറ്റ അടയാളങ്ങള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടികള്‍ കിടന്ന തലയണയുടെ അടിയില്‍ നിന്ന് വെള്ളിക്കെട്ടന്‍ പാമ്പിനെ കണ്ടെത്തുകയും ഈ വിവരം ഉടന്‍ തന്നെ ഡോക്ടര്‍മാരെ അറിയിക്കുകയുമായിരുന്നു. ഇത് കൃത്യമായ ആന്റി വെനം നല്‍കാന്‍ സഹായകമായി
