
യുഎസ്-ഇറാൻ യുദ്ധം ആഗോള കപ്പൽ ഗതാഗത ഭൂപടത്തെ മാറ്റിവരയ്ക്കുന്നു
ടെഹ്‌റാൻ: യുഎസ്-ഇറാൻ യുദ്ധം ആഗോള കപ്പൽ ഗതാഗത ഭൂപടത്തെ മാറ്റിവരയ്ക്കുന്നു. ഹോർമുസ് കടലിടുക്ക് അടച്ചു പൂട്ടിയതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് ചരക്കെത്തിക്കാൻ കപ്പൽ കമ്പനികൾ പുതിയ കര-സമുദ്ര പാതകൾ പരീക്ഷിച്ചു തുടങ്ങി. ഇതോടെ സൗദിയിലെ ജിദ്ദ തുറമുഖം പശ്ചിമേഷ്യയിലെ പുതിയ ട്രാൻസിറ്റ് ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്.
കടൽ മാർഗം നേരിട്ട് യുഎഇയിലേക്കോ കുവൈറ്റിലേക്കോ എത്താൻ കഴിയാത്ത സാഹചര്യത്തിൽ എം.എസ്.സി, മെയർസ്‌ക് തുടങ്ങിയ പ്രമുഖ കമ്പനികൾ ജിദ്ദ തുറമുഖത്തെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. സൂയസ് കനാൽ വഴി ജിദ്ദയിലെത്തുന്ന ചരക്കുകൾ അവിടെ നിന്നും ട്രക്കുകൾ വഴി മരുഭൂമിയിലൂടെ ഷാർജ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നു.
ചരക്കു നീക്കം വർദ്ധിച്ചതോടെ ജിദ്ദ തുറമുഖത്ത് കപ്പലുകളുടെ തിരക്ക് രൂക്ഷമായി. നേരത്തെ 17 മണിക്കൂർ കാത്തിരുന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ കപ്പലുകൾക്ക് 36 മണിക്കൂർ വരെ പുറംകടലിൽ ഊഴത്തിനായി കാത്തു നിൽക്കേണ്ടി വരുന്നു. ഒമാനിലെ സോഹാർ, യുഎഇയിലെ ഫുജൈറ, ഖോർഫക്കാൻ എന്നീ തുറമുഖങ്ങളെയും കപ്പൽ കമ്പനികൾ ബദൽ താവളങ്ങളായി കണ്ടുതുടങ്ങിയിട്ടുണ്ട്.
അതേസമയം ചെങ്കടലിലെ സുരക്ഷാ ഭീഷണിയും സംഘർഷവും കാരണം 70 ശതമാനത്തോളം കപ്പലുകൾ ഇപ്പോൾ സൂയസ് കനാൽ ഒഴിവാക്കി ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിയാണ് സഞ്ചരിക്കുന്നത്. പുതിയ സാഹചര്യത്തിൽ മൊറോക്കോയിലെ ടാഞ്ചിയർ മെഡ് പോർട്ട് പോലുള്ള ആഫ്രിക്കൻ തുറമുഖങ്ങൾ 8.4 ശതമാനം വളർച്ച രേഖപ്പെടുത്തി
